കൊല്ലം: പത്തനാപുരത്ത് മകൾ വൃദ്ധയായ അമ്മയെ കെട്ടിയിട്ടു മർദിച്ചു. അക്രമം ചോദ്യം ചെയ്‌ത വനിത പഞ്ചായത്ത് അംഗത്തിനും മർദനം. പത്തനാപുരം ഗ്രാമപഞ്ചായത്തിലെ നടുക്കുന്ന് നോർത്ത് വാർഡംഗം അർഷ മോൾക്കാണ് മർദനമേറ്റത്.
ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ നെടുംപറമ്പ് പാക്കണംകാലായിലാണ് സംഭവം. പഞ്ചായത്ത് അംഗത്തിന്‍റെ അയൽവാസി കൂടിയായ പാലപ്പള്ളിൽ വീട്ടിൽ ലീനയാണ് അമ്മ ലീലാമ്മയെ മര്‍ദിച്ചത്. വീട് തന്‍റെ പേരിലാക്കുന്നതിനാണ് ലീന വയോധികയായ മാതാവ് ലീലാമ്മയെ വീട്ടുമുറ്റത്തുള്ള ഇരുമ്പ് തൂണിൽ കെട്ടിയിട്ട് മർദിച്ചത്.
മകൾ വൃദ്ധയായ അമ്മയെ കെട്ടിയിട്ടു മർദിച്ചു ഇവരുടെ നിലവിളി കേട്ടാണ് പഞ്ചായത്ത് അംഗം അർഷാമോൾ ഉൾപ്പെടെയുള്ള അയൽവാസികൾ ഇടപെട്ടത്. അക്രമം ചോദ്യം ചെയ്‌ത പഞ്ചായത്തംഗത്തെ മുടിയിൽ കുത്തിപ്പിടിച്ച് ഉന്തി വീഴ്ത്തുകയായിരുന്നു. നിലത്തുവീണ പഞ്ചായത്തംഗത്തെ ക്രൂരമായി മർദിക്കുകയും ചെയ്‌തു.
ഒടുവിൽ അയല്‍വാസികള്‍ ചേര്‍ന്ന് ഇവരെ പിടിച്ചു മാറ്റുകയായിരുന്നു. പരിക്കേറ്റ പഞ്ചായത്തംഗം ആശുപത്രിയിൽ ചികിത്സയിലാണ്. നാട്ടുകാരെയും ലീന അസഭ്യം പറയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്‌തതായും പത്തനാപുരം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ലീന മുൻപും മാതാവിനെ ഉപദ്രവിച്ചിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തിൽ പത്തനാപുരം പൊലീസിൽ മുൻപും കേസ് നൽകിയിട്ടുണ്ട്.
Also Read കണ്ണൂരില്‍ വൃദ്ധനായ പിതാവിനെ നിലത്തിട്ടു ചവിട്ടി: മകന്‍ കസ്റ്റഡിയില്‍