ജലോർ(രാജസ്ഥാന്‍) : കുടിവെള്ള പാത്രത്തിൽ തൊട്ടതിന് അധ്യാപകന്‍റെ മർദനത്തെ തുടർന്ന് ദലിത് വിദ്യാർഥി മരിച്ചു. ഉയർന്ന ജാതിയിൽപ്പെട്ടവർക്കുള്ള കുടിവെള്ള പാത്രത്തിൽ തൊട്ടുവെന്നാരോപിച്ചാണ് പ്രായപൂർത്തിയാകാത്ത ദലിത് വിദ്യാർഥിയെ അധ്യാപകന്‍ മര്‍ദിച്ചത്. ഉപദ്രവത്തെ തുടര്‍ന്ന് സാരമായി പരിക്കേറ്റ വിദ്യാര്‍ഥി ചികിത്സയ്‌ക്കിടെ മരണത്തിന് കീഴടങ്ങി. അധ്യാപകന്‍ ചൈല്‍ സിങിനെ (40) കൊലപാതകം, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങൾ തടയല്‍ നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തി അറസ്‌റ്റ് ചെയ്‌തതായി പൊലീസ് അറിയിച്ചു.
ജൂലൈ 20 ന് ജലോറിലെ സുരാന ഗ്രാമത്തിലുള്ള സ്വകാര്യ സ്‌കൂളിലാണ് സംഭവം. മര്‍ദനത്തില്‍ കുട്ടിക്ക് സാരമായി പരിക്കേറ്റതായി പൊലീസ് സൂപ്രണ്ട് ഹർഷ് വർധൻ അഗർവാല വ്യക്തമാക്കി. 'അധ്യാപകൻ ചൈൽ സിംഗിനെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, എസ്‌സി എസ്‌ടി നിയമം എന്നിവ പ്രകാരം കേസെടുത്ത് അറസ്‌റ്റ് ചെയ്യുകയായിരുന്നു' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മര്‍ദനത്തില്‍ മുഖത്തിനും ചെവിക്കും സാരമായ പരിക്കേറ്റ കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും ഒരാഴ്‌ചയോളം ആശുപത്രിയില്‍ ചികിത്സിച്ചുവെങ്കിലും പുരോഗതിയുണ്ടായില്ലെന്നും പിതാവ് പറഞ്ഞു. 'ഒരാഴ്‌ചയോളം ഉദയ്‌പൂരിലെ ആശുപത്രിയിൽ തുടര്‍ന്നുവെങ്കിലും അവന്‍റെ ആരോഗ്യനിലയില്‍ പുരോഗതിയൊന്നുമുണ്ടായില്ല. തുടര്‍ന്ന് അവനെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി. എന്നാല്‍ അവിടെയും ആരോഗ്യം മെച്ചപ്പെട്ടില്ല. ഒടുവിൽ ശനിയാഴ്‌ച (13.08.2022) അവന്‍ മരണത്തിന് കീഴടങ്ങി'- പിതാവ് പറഞ്ഞു.
സംഭവത്തെ ദാരുണമെന്ന് വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് രംഗത്തെത്തി. 'ജലോറിലെ സയ്‌ല പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഒരു സ്വകാര്യ സ്‌കൂളിൽ അധ്യാപകന്‍റെ ആക്രമണത്തെത്തുടർന്ന് വിദ്യാർഥി മരിച്ച സംഭവം ദാരുണമാണ്. കൊലപാതകം, എസ്‌സി എസ്‌ടി ആക്‌ട് എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്ത് കുറ്റാരോപിതനായ അധ്യാപകന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്' - അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. മരിച്ച കുട്ടിയുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തില്‍ രാജസ്ഥാന്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വേഗത്തിലുള്ള അന്വേഷണത്തിനായി കേസ് ഓഫിസറുടെ സ്‌കീമിന് കീഴിൽ ഇത് ഉള്‍പ്പെടുത്തുമെന്ന് രാജസ്ഥാൻ എസ്‌സി കമ്മിഷൻ ചെയർമാൻ ഖിലാഡി ലാൽ ബൈർവ ഉത്തരവിലൂടെ അറിയിച്ചു. ദലിത് വിദ്യാര്‍ഥി മര്‍ദനത്തെത്തുടര്‍ന്ന് മരിച്ച സംഭവത്തെ അപലപിച്ച് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും ട്വീറ്റ് ചെയ്‌തു. 'രാജ്യം ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുകയാണ്. മറുവശത്ത്, കലത്തിൽ തൊട്ടതിന് കുട്ടിക്ക് ജീവൻ നഷ്‌ടപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾക്ക് ശേഷവും ജാലോറിൽ ഒമ്പത് വയസുള്ള ഒരു ദലിത് കുട്ടിക്ക് ജാതീയതയുടെ ഇരയാകേണ്ടി വന്നു. വെള്ളപ്പാത്രത്തിൽ തൊടാൻ പോലും ഞങ്ങൾക്ക് സ്വാതന്ത്ര്യമില്ല. പിന്നെ എന്തിനാണ് നിങ്ങൾ സ്വാതന്ത്ര്യമെന്ന വ്യാജ മുദ്രാവാക്യം മുഴക്കുന്നത് ?' - അദ്ദേഹം ട്വീറ്റിലൂടെ ചോദിച്ചു.