കോട്ടയം: സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനത്തിന് വേണ്ടി ഒത്തുകൂടിയ കുറ്റവാളികളായ യുവാക്കളെ കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്‌തു. കങ്ങഴ സ്വദേശി അബിൻ ടി എസ് (24), തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി ഷഫീഖ് ആര്‍ (28), ഇയാളുടെ സഹോദരനായ ഷമീര്‍ (22), തിരുവനന്തപുരം പള്ളിപ്പുറം സ്വദേശികളായ രജിത്ത് ആര്‍ (28), അബിൻ സൂര്യ (24) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഇവര്‍ കഴിഞ്ഞ ദിവസം രാത്രി അബിന്‍റെ വീട്ടില്‍ വച്ച് വൻ കവർച്ചയ്ക്കും അക്രമത്തിനും പദ്ധതിയിടുകയായിരുന്നു. ഇതിനെക്കുറിച്ച് രഹസ്യ വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയും വീടിനുള്ളിൽ നിന്ന് അബിൻ ഉൾപ്പെടെ 5 പേരെ പിടികൂടുകയും ചെയ്‌തു. മോഷണവും അക്രമത്തിനും പദ്ധതിയിടുന്നതിനിടയിലാണ് ഇവരെ പൊലീസ് പിടികൂടിയത്.
അബിന് കറുകച്ചാൽ, മുണ്ടക്കയം, മണിമല, കണ്ണൂർ ടൗൺ, പീരുമേട് എന്നീ സ്റ്റേഷനുകളിലായി നിരവധി കേസുകള്‍ നിലവിലുണ്ട്. കൂടാതെ ഇയാള്‍ കാപ്പാ നിയമ നടപടി നേരിട്ടിട്ടുള്ള ആളുമാണ്. മറ്റൊരു പ്രതിയായ ഷെഫീഖിന് ആറ്റിങ്ങൽ, മംഗലാപുരം, കല്ലമ്പലം, അയിരൂർ, ആര്യനാട്, പറവൂർ,പള്ളിക്കൽ, കിളിമാനൂർ, നെടുമങ്ങാട്, അയിരൂർ, കുണ്ടറ, കോട്ടയം ഈസ്റ്റ്, പാമ്പാടി, രാമപുരം എന്നീ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്.
അബിൻ സൂര്യയ്ക്ക് ശ്രീകാര്യം, തിരുവനന്തപുരം മെഡിക്കൽ കോളജ്, കൊട്ടാരക്കര, നെടുമങ്ങാട്, കടയ്ക്കാവൂർ എന്നിവിടങ്ങളിലും ഷമീറിന് ആറ്റിങ്ങൽ, വട്ടപ്പാറ, മംഗലാപുരം, കഴക്കൂട്ടം, വെഞ്ഞാറമൂട്, പോത്തൻകോട്, പള്ളിക്കൽ എന്നിവിടങ്ങളിലുമായി പിടിച്ചുപറി, മോഷണം, വധശ്രമം, പോക്സോ എന്നിങ്ങനെ നിരവധി കേസുകളിൽ പ്രതികളാണ്.
ജില്ല പൊലീസ് മേധാവി കെ കാർത്തികിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.