എറണാകുളം: അശ്‌ളീല വീഡിയോ നിർമിക്കാനായി സഹപ്രവർത്തകയെ നിർബന്ധിച്ചെന്ന കേസിൽ ക്രൈം പത്രാധിപർ ടി.പി നന്ദകുമാറിന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. സാക്ഷികളെ സ്വാധീനിക്കരുത്, കേസന്വേഷണവുമായി സഹകരിക്കണം എന്നിങ്ങനെയാണ് ഉപാധികൾ. എറണാകുളം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് നന്ദകുമാർ ഹൈക്കോടതിയെ സമീപിച്ചത്.
വ്യാജ അശ്‌ളീല വീഡിയോ നിർമിക്കാൻ സഹപ്രവർത്തകയെ നിർബന്ധിച്ചുവെന്ന പരാതിയിന്മേൽ എറണാകുളം നോർത്ത് പൊലീസാണ് നന്ദകുമാറിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തത്. പട്ടികജാതി പീഡന നിരോധനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ കഴിഞ്ഞ മാസം 17ന് പൊലീസ് നന്ദകുമാറിനെ അറസ്റ്റ് ചെയ്‌തിരുന്നു. ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ അശ്‌ളീല വീഡിയോ നിർമിക്കാൻ കൂട്ട് നിൽക്കാൻ തന്നെ നിർബന്ധിച്ചെന്നായിരുന്നു ക്രൈം നന്ദകുമാറിനെതിരെ സഹപ്രവർത്തക നൽകിയ പരാതി.