കോഴിക്കോട് : മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഷൈനാണ് (27) മാതാപിതാക്കളായ ബിജി (48), ഷാജി (50) എന്നിവരെ വീടിനുള്ളിൽ വച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം.
മാതാപിതാക്കളെ കുത്തിപ്പരിക്കേൽപ്പിച്ച യുവാവ് പിടിയിൽ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിനും വാരിയെല്ലിനും കുത്തേറ്റ ഷാജിയുടെ നില ഗുരുതരമാണ്. മാതാവ് ബിജിക്ക് പിൻകഴുത്തിന് താഴെയാണ് കുത്തേറ്റത്.
Also read: കിടപ്പു രോഗിയായ സഹോദരനെ മൃഗഡോക്‌ടര്‍ കുത്തി കൊലപ്പെടുത്തി
നടക്കാവ് സി ഐ ജിജീഷ് പി കെയുടെ നേതൃത്വത്തിൽ എരഞ്ഞിപ്പാലത്തെ വീട്ടിൽ വച്ച് പ്രതിയെ കീഴടക്കിയത് രണ്ട് തവണ പുറത്തേക്ക് വെടിവച്ച ശേഷമാണ്. ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച പ്രതിയെ കീഴടക്കുന്നതിനിടെ എരഞ്ഞിപ്പാലത്തെ വീട്ടിൽവച്ച് പൊലീസുകാർക്ക് ഷോക്കേറ്റു, കൂടാതെ നടക്കാവ് എസ് ഐ കൈലാസ്‌നാഥിന്‍റെ കൈയ്യിലും പോറലേറ്റു. ഷൈൻ എംഡിഎംഎ ഉപയോഗിച്ചതായാണ് പൊലീസ് നിഗമനം.
പണം ചോദിച്ച് തുടങ്ങിയ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. ഷൈന്‍ മുമ്പും വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു. രണ്ട് കുത്ത്കേസുകളില്‍ പ്രതിയാണ് ഷൈൻ. പ്രതിയെ ഇന്ന് (ഒക്‌ടോബർ 17) കോടതിയിൽ ഹാജരാക്കും.