വില്ലുപുരം :വാലന്‍റൈന്‍സ് ദിനത്തോടനുബന്ധിച്ച്പെൺസുഹൃത്തിന് സമ്മാനം വാങ്ങുന്നതിനുള്ള പണം കണ്ടെത്താന്‍ ആടിനെ മോഷ്‌ടിക്കാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. കോളജ് വിദ്യാർഥികളായ അരവിന്ദ് കുമാർ(20), മോഹൻ (20) എന്നിവരാണ് പൊലീസ് പിടിയിലായത്. തമിഴ്‌നാട്ടിലെ വില്ലുപുരം ജില്ലയിലെ സെഞ്ചിക്കടുത്ത് പീരങ്കിമേട്ടിലാണ് സംഭവം.
പ്രണയദിനത്തിൽ പെൺസുഹൃത്തിന് സമ്മാനം വാങ്ങുന്നതിന് പണം കണ്ടെത്താനായാണ് മോഷണശ്രമം നടത്തിയതെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞു. പീരങ്കിമേട് മലയരശൻ കുപ്പ സ്വദേശി രേണുകയുടെ ആടിനെയാണ് യുവാക്കൾ മോഷ്‌ടിക്കാൻ ശ്രമിച്ചത്.
Also read:ചെലവ് കുറഞ്ഞ ഒരു പ്രണയദിനം.. 'ഗാലന്‍റൈൻസ് ഡേ' ക്കും സൗഹൃദത്തിനും പ്രാധാന്യം നൽകി പ്രണയദിനമെത്തുന്നു
വീടിന് പിന്നിലെ ഷെഡ്ഡിലാണ് രേണുക ആടുകളെ കെട്ടിയിരുന്നത്. ഇരുചക്ര വാഹനത്തിലെത്തിയ യുവാക്കൾ ഷെഡ്ഡില്‍ കയറിയതോടെ ആടുകൾ ഒച്ചവച്ചു. ശബ്‌ദം കേട്ടെത്തിയ രേണുക യുവാക്കളെ കാണുകയും നിലവിളിക്കുകയും ചെയ്‌തു. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും ഇവരെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു.
അടുത്ത കാലത്തായി സെഞ്ചിയുടെ പരിസര പ്രദേശങ്ങളിൽ ആടുകളെ മോഷ്‌ടിക്കുന്ന സംഭവങ്ങൾ വർധിച്ചിരുന്നു. പിടിയിലായ അരവിന്ദ് കുമാറിനും മോഹനും ഇത്തരം സംഭവങ്ങളില്‍ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.