ന്യൂഡല്‍ഹി : ഓണ്‍ലൈനിലൂടെ കൂട്ട് വാഗ്‌ദാനം ചെയ്യുന്ന ആപ്ലിക്കേഷനായ ജിഗുലോയുടെ മറവില്‍ പണംതട്ടിയ രണ്ടുപേര്‍ നോര്‍ത്ത് ഔട്ടര്‍ ഡിസ്‌ട്രിക്‌റ്റ് പൊലീസിന്‍റെ പിടിയില്‍. പുരുഷന്മാര്‍ക്ക് ലൈംഗിക തൊഴില്‍ വാഗ്‌ദാനം ചെയ്‌ത് കബളിപ്പിച്ച് പണംതട്ടിയ സംഭവത്തിലാണ് കുല്‍ദീപ്, ശ്യാം ജോഗി എന്നിവര്‍ അറസ്റ്റിലായത്. ജിഗുലോ സര്‍വീസിന് ആളെ ആവശ്യമുണ്ടെന്നും ജോലിക്കനുസൃതമായി പണം തിരികെ നല്‍കാമെന്നും അറിയിച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്.
ഓരോ പടികളിലും തട്ടിപ്പ് : തട്ടിപ്പിനിരയായ ഒരാളുടെ പരാതിയെത്തുടര്‍ന്നാണ് സംഘം പിടിയിലാകുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ജിഗുലോ സര്‍വീസിന്‍റെ ഭാഗമാകാന്‍ താന്‍ ഓണ്‍ലൈന്‍ ജോബ് വെബ്‌സൈറ്റ് മുഖേന രജിസ്‌റ്റര്‍ ചെയ്‌തുവെന്നും എന്നാല്‍ പലതവണ പലരീതിയിലായി ഇവര്‍ തന്‍റെ പക്കല്‍ നിന്നും 40,000 രൂപ തട്ടിയെടുത്തെന്നും അറിയിച്ചായിരുന്നു ഈ പരാതി. തുടര്‍ന്ന് പണം മടക്കി തരണമെന്നാവശ്യപ്പെട്ടപ്പോള്‍ ഈ സംഘം അവഗണിച്ച് തുടങ്ങിയപ്പോഴാണ് സംശയം വര്‍ധിച്ചതെന്നും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. പരാതിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതികള്‍ ജയ്‌പൂരില്‍ ഒളിവിലാണെന്ന് മനസിലാകുന്നതും പിന്നീട് ഇവരുടെ അറസ്‌റ്റിലേക്ക് നീങ്ങുന്നതും.
'മനമറിഞ്ഞ്' വലവിരിച്ചപ്പോള്‍:അതേസമയം ജിഗുലോ ആപ്പ് തട്ടിപ്പിലേക്ക് പ്രതികളായ കുല്‍ദീപും ശ്യാം ജോഗിയുമെത്തുന്നത് ഇരുവരും ഒരു ഹോട്ടലില്‍ ജോലി ചെയ്‌തുവരുമ്പോഴാണ്. ഇവിടെ വച്ചാണ് ഇരുവര്‍ക്കും ജിഗുലോ ആപ്പിന്‍റെ മറവില്‍ വലവിരിച്ച് ജോലി വാഗ്‌ദാനം നല്‍കി പണം കൈക്കലാക്കാം എന്ന കുബുദ്ധി ഉദിക്കുന്നത്. ആദ്യഘട്ടമെന്നോണം അപേക്ഷകരില്‍ നിന്ന് 1500 രൂപ ഇവര്‍ രജിസ്‌ട്രേഷന്‍ ഫീസായി കൈപ്പറ്റും. അടുത്തിടെ ഈ രജിസ്‌ട്രേഷന്‍ ഫീസ് 2500 ആയി ഉയര്‍ത്തുകയും ചെയ്‌തിരുന്നു.
രജിസ്‌ട്രേഷന്‍ കഴിഞ്ഞതിന് ശേഷം എന്‍ആര്‍ഐ പെണ്‍കുട്ടികളുമൊത്തുള്ള ഡേറ്റിങ് ചാര്‍ജും ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൂടിക്കാഴ്‌ച നടക്കാത്തത് സംബന്ധിച്ച് മീറ്റിങ് കാന്‍സലേഷന്‍ ചാര്‍ജും തട്ടും. പൊലീസിന്‍റെ പ്രാഥമികാന്വേഷണത്തില്‍ ഇതുവരെ 4000 പേര്‍ ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും കോടിക്കണക്കിന് രൂപ സംഘം തട്ടിയെടുത്തിട്ടുണ്ടെന്നുമാണ് വിവരം.
'ജനത്തെ കാക്കാന്‍' പൊലീസ്:എന്നാല്‍ ആയിരക്കണക്കിന് ആളുകള്‍ തട്ടിപ്പിനിരയായ സംഭവത്തില്‍ കേവലം ഒരാള്‍ മാത്രമാണ് പരാതിയുമായെത്തിയിട്ടുള്ളത് എന്നത് പൊലീസിനെ അമ്പരപ്പിക്കുന്നു. അതിനാല്‍ തന്നെ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ പോലീസിന്‍റെ വിദഗ്‌ധോപദേശം സ്വീകരിക്കണമെന്നും ഇവര്‍ വ്യക്തമാക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണത്തിലാണ് പൊലീസ്.