പാലക്കാട്:വാളയാർ കേസ് അന്വേഷിക്കുന്ന സിബിഐ സംഘം പെൺകുട്ടികളുടെ വീട്ടിലെത്തി അമ്മയിൽ നിന്ന് മൊഴിയെടുത്തു. രണ്ടു കുട്ടികളെയും മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലവും സിബിഐ സംഘം പരിശോധിച്ചു. കേസ് ഏറ്റെടുത്തതിന് ശേഷം ആദ്യമായിട്ടാണ് സിബിഐ വാളയാറിലെത്തുന്നത്.
രാവിലെ പത്തേമുക്കാലോടെയാണ് സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്.പി നന്ദകുമാരൻ നായർ, അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പി ടി.പി. അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വാളയാറിലെത്തിയത്. പെൺകുട്ടികളുടെ അമ്മയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ സിബിഐ സംഘം കുട്ടികളെ ദുരൂഹസാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വീടിനോടു ചേർന്നുള്ള ഷെഡിലും പരിശോധന നടത്തി.
കൂടുതൽ വായനയ്‌ക്ക്:വാളയാർ കേസ് സിബിഐ ഏറ്റെടുത്തു
പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13നും ഒമ്പതു വയസുള്ള സഹോദരിയെ മാർച്ച് നാലിനുമാണ് ഓടിട്ട ഷെഡിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യ കുട്ടിയുടെ കേസിൽ പ്രധാന സാക്ഷിയാകേണ്ട രണ്ടാമത്തെ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന വാദം ആദ്യം തന്നെ ഉയർന്നിരുന്നു. രണ്ടാമത്തെ പെൺകുട്ടിയുടേത് കൊലപാതകമാവാനുള്ള സാധ്യത അന്വേഷിക്കണമെന്ന് പോസ്‌റ്റ്‌മോർട്ടം നടത്തിയ പൊലീസ് സർജനും സൂചന നൽകിയിരുന്നു. എന്നാൽ അതൊന്നും ക്രൈംബ്രാഞ്ചും പരിഗണിച്ചില്ല. അതോടെ കുറ്റപത്രം പോലും ദുർബലമായി. ഇക്കാര്യങ്ങളെല്ലാം കുട്ടികളുടെ അമ്മ സിബിഐ സംഘത്തെ ബോധിപ്പിച്ചു.