തിരുവനന്തപുരം : കഞ്ചാവ് കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ കോടതി ഉത്തരവ് നടപ്പാക്കാത്ത സിറ്റി പൊലീസ് മേധാവിക്കെതിരെ കേസ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ പി.എച്ച് നാഗരാജുവിനെതിരെയാണ് കേസെടുത്തത്. സിറ്റി പൊലീസ് മേധാവി അടുത്ത മാസം ആറിന് നേരിട്ട് എത്തുകയോ വിശദീകരണം നൽകുകയോ വേണമെന്നറിയിച്ച് തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷൻസ് ജഡ്‌ജി സനിൽ കുമാറിന്‍റേതാണ് ഉത്തരവ്.
പ്രതിക്കെതിരെ കോടതി ഉത്തരവ് നടപ്പാക്കിയില്ല ; സിറ്റി പൊലീസ് മേധാവിക്കെതിരെ കേസ്
കഞ്ചാവ് കേസിൽ ജാമ്യം നേടിയ ശേഷം ഒളിവിൽ പോയ പ്രതിക്കെതിരെ കോടതി ഉത്തരവ് നടപ്പാക്കാത്തതിനെ തുടര്‍ന്ന് സിറ്റി പൊലീസ് മേധാവിക്കെതിരെ കേസ്
2018 ൽ വട്ടിയൂർക്കാവ് പൊലീസ് രജിസ്‌റ്റർ ചെയ്ത കേസിൽ ഏക പ്രതി സഞ്‌ജിത്ത് കോടതിയിൽ നിന്നും ജാമ്യം നേടിയ ശേഷം ഒളിവിൽ പോയി. ഇതേ തുടർന്ന് പ്രതി ജാമ്യം എടുത്ത സമയത്ത് നിന്ന ജാമ്യക്കാരെ കോടതിയിൽ വിളിപ്പിച്ചു. പ്രതി സ്ഥലത്ത് തന്നെയുണ്ടെന്നും പൊലീസ് അറസ്‌റ്റ് ചെയ്യുവാൻ കൂട്ടാക്കുന്നില്ലെന്നും ഇവര്‍ കോടതിയെ അറിയിച്ചു. ഇതിന് പിന്നാലെ കോടതി വട്ടിയൂർക്കാവ് പൊലീസ് മുഖേന വാറണ്ട് നടപ്പാക്കാൻ നിർദ്ദേശം നൽകി. എന്നാൽ പൊലീസ് വാറണ്ട് നടപ്പാക്കിയില്ല.
പിന്നീടാണ് കോടതി സിറ്റി പൊലീസ് മേധാവി മുഖേന വാറണ്ട് അയക്കുന്നത്. എന്നാല്‍ ഇതിന് കോടതിയിൽ വിശദീകരണം ഹാജരാക്കിയത് അസി.കമ്മിഷണറായിരുന്നു. മാത്രമല്ല ഈ റിപ്പോർട്ടിൽ വ്യക്തമായ കാരണം ചൂണ്ടിക്കാട്ടിയതുമില്ല. തുടര്‍ന്നാണ് വാറണ്ട് ഉത്തരവ് നടപ്പിലാക്കാൻ വിസമ്മതിച്ച സിറ്റി പൊലീസ് കമ്മിഷണറുടെ നടപടി കോടതി ഉത്തരവിനോടുള്ള വിമുഖതയാണെന്ന് കണക്കാക്കുന്നതും ഉദ്യോഗസ്ഥനെതിരെ സ്വമേധയാ കേസ് രജിസ്‌റ്റർ ചെയ്യുവാൻ ഉത്തരവിടുന്നതും.