കോട്ടയം: കാണക്കാരിയിലെ യൂസ്‌ഡ് കാര്‍ ഷോറൂമില്‍ നിന്നും കാര്‍ മോഷണം പോയ കേസില്‍ പ്രതി പിടിയില്‍.എറണാകുളം കരിങ്ങാച്ചിറ സ്വദേശി ജോസിയാണ് (ലാലു 64) കുറവിലങ്ങാട് പൊലീസിന്‍റെ പിടിയിലായത്. ജനുവരി 10നാണ് സംഭവം. വാഹനം വാങ്ങാനെന്ന വ്യാജേന ഷോറൂമിലെത്തി പല കാറുകളും പരിശോധിച്ച് വിവരം ശേഖരിക്കുകയും ഷോറൂമിന്‍റെ രൂപരേഖ മനസിലാക്കിയ ശേഷം രാത്രിയോടെ ഉടമയും ജീവനക്കാരും പോയതിന് ശേഷം സ്ഥലത്തെത്തിയ പ്രതി ഷോറൂമിന്‍റെ മുൻവശത്തെ ഗ്രില്ലിന്‍റെ പൂട്ട് പൊട്ടിച്ചാണ് അകത്ത് കടന്നത്. ഷോറൂമിനുള്ളിൽ കയറി ക്യാബിനുള്ളിലെ മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന കാറിന്‍റെ താക്കോൽ എടുത്ത് കാർ മോഷ്ടിച്ചെടുത്ത് പോകുകയായിരുന്നു.
മോഷ്‌ടിച്ച കാറിന്‍റെ നമ്പർ പ്ലേറ്റ് മാറ്റി വ്യാജനമ്പർ പതിപ്പിച്ചാണ് ഇയാള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കാറുമായി വിലസിയിരുന്നത്. മോഷ്‌ടിക്കുന്ന വാഹനങ്ങൾ തിരക്കേറിയ ആശുപത്രികളുടെയും മറ്റും പാർക്കിങ് സ്ഥലങ്ങളിൽ ഒളിപ്പിക്കുകയും രാത്രികാലങ്ങളിൽ കറങ്ങിനടന്ന് മറ്റ് വ്യാപാരസ്ഥാപനങ്ങളിൽ മോഷണം നടത്തുകയുമാണ് ഇയാളുടെ രീതി.