ന്യൂഡല്‍ഹി: മൂന്നുപേര്‍ ചേര്‍ന്ന് തോക്കു ചൂണ്ടി കാര്‍ മോഷണം. ഡല്‍ഹി കന്‍റോണ്‍മെന്‍റ് ഏരിയയിലാണ് മൂന്നുപേര്‍ ചേര്‍ന്ന് മുപ്പത്തിയഞ്ചുകാരന് നേരെ തോക്കു ചൂണ്ടി എസ്‌യുവി കാര്‍ (ടൊയോട്ട ഫോർച്യൂണർ) തട്ടിയെടുത്തത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
തലസ്ഥാന നഗരിയില്‍ മൂന്നംഗ സംഘം തോക്കുചൂണ്ടി എസ്‌യുവി തട്ടിയെടുത്തു; പ്രതികള്‍ക്കായി തെരച്ചില്‍
ഡല്‍ഹിയിലെ കന്‍റോണ്‍മെന്‍റ് ഏരിയയില്‍ മൂന്നംഗ സംഘം തോക്കുചൂണ്ടി എസ്‌യുവി കാര്‍ (ടൊയോട്ട ഫോർച്യൂണർ) തട്ടിയെടുത്ത് കടന്നുകളഞ്ഞു, പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്
ഇന്നലെ പുലര്‍ച്ചെ 5.19 ന് ജരേര ഗ്രാമത്തിലെ ദേശീയപാതയ്‌ക്ക് സമീപമാണ് സംഭവം. മോട്ടോര്‍ സൈക്കിളിലെത്തിയ മൂന്നുപേരടങ്ങിയ അജ്ഞാത സംഘം തോക്ക് ചൂണ്ടി വെളുത്ത നിറത്തിലുള്ള ടൊയോട്ട ഫോർച്യൂണർ കാർ തട്ടിയെടുക്കുകയായിരുന്നു. സംഭവത്തില്‍ മീററ്റ് ജില്ലക്കാരനായ ഉടമ രാഹുല്‍ പരാതിപ്പെട്ടതോടെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 397 (കവർച്ച, അല്ലെങ്കിൽ കൊള്ളയടിക്കൽ, ഗുരുതരമായ പരിക്കേൽപ്പിക്കുന്നതിനുള്ള ശ്രമം), സെക്ഷന്‍ 34 എന്നിവ പ്രകാരം ഡൽഹി കണ്ഡ് പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്‌റ്റർ ചെയ്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഉടമ വാഹനം പാര്‍ക്ക് ചെയ്‌ത് ഇറങ്ങുമ്പോള്‍ മൂന്ന് പേർ മോട്ടോർ സൈക്കിളില്‍ സ്ഥലത്തെത്തുകയും ഇതില്‍ ഒരാള്‍ പോക്കറ്റില്‍ നിന്ന് പിസ്റ്റലെടുത്ത് ഇയാള്‍ക്കുനേരെ ചൂണ്ടുന്നു. ഈ സമയത്ത് തോക്കുധാരികളായ മറ്റു രണ്ടുപേര്‍ കൂടി എത്തി മൂവരും ചേര്‍ന്ന് കാറും തട്ടിയെടുത്ത് കടന്നുകളയുകയായിരുന്നു.