പത്തനംതിട്ട: ഇലവുംതിട്ട നല്ലാനിക്കുന്നിൽ തിരുവോണ ദിവസം ഓണാഘോഷ പരിപാടിക്കിടെ സംഘാടകരെ കുത്തി പരിക്കേല്‍പ്പിച്ച കേസിലെ ഒന്നാം പ്രതി പൊലീസ് പിടിയില്‍. മെഴുവേലി പൂപ്പൻ കാല അങ്കണവാടിയ്ക്ക് സമീപം മോടിയിൽ വീട്ടിൽ പീപ്പൻ എന്നുവിളിക്കുന്ന സജിത്ത് എസ് (39) ആണ് പിടിയിലായത്. ജില്ല പൊലീസ് മേധാവിയുടെ നിർദേശാനുസരണം പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് വ്യാപിപ്പിച്ചിരുന്നു.
ആക്രമണത്തെ തുടർന്ന് ആൾക്കൂട്ടത്തിനിടയിൽ നിന്നും ഓടിരക്ഷപ്പെട്ട ഒന്നാം പ്രതി, തുടയ്ക്ക് പരിക്കേറ്റതിന് അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. വിവരം അറിഞ്ഞ് ഇന്ന് വെളുപ്പിന് ആശുപത്രിയില്‍ എത്തിയ എസ് ഐ വിഷ്‌ണുവിന്‍റെ നേതൃത്വത്തിലുള്ള സംഘം, ഇയാൾക്ക് കാവൽ ഏർപ്പെടുത്തുകയും ഇന്ന് രാവിലെ 8 മണിക്ക് ഡിസ്‌ചാര്‍ജ് ആയപ്പോൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്‌തു. സംഭവത്തില്‍ ശാസ്‌ത്രീയ കുറ്റാന്വേഷണ സംഘം പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
സ്റ്റേഷനിൽ ഹാജരാക്കിയ പ്രതിയെ വിശദമായി ചോദ്യം ചെയ്‌തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയും, കുത്താൻ ഉപയോഗിച്ച കത്തി ഒളിപ്പിച്ച സ്ഥലം വെളിപ്പെടുത്തുകയും ചെയ്‌തു. തുടര്‍ന്ന് ഇയാളുടെ വീടിന് സമീപത്തെ പറമ്പില്‍ മരത്തിനിടയില്‍ ഒളിപ്പിച്ച നിലയില്‍ കത്തി കണ്ടെത്തി.