പത്തനംതിട്ട:പോക്‌സോ കേസ് പ്രതിയെ പൊലീസ് കസ്‌റ്റഡിയില്‍ നിന്ന് ബലമായി മോചിപ്പിച്ച് ബന്ധുക്കള്‍. ആറന്മുള കാട്ടൂര്‍ പേട്ടയിലാണ് പോക്‌സോ കേസ് പ്രതിയായ സിറാജിനെ ബന്ധുക്കള്‍ ബലമായി പൊലീസ് കസ്‌റ്റഡിയില്‍ നിന്ന് മോചിപ്പിച്ചത്. സംഭവത്തില്‍ പത്തുപേര്‍ക്കെതിരെ ആറന്മുള പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
പോക്‌സോ കേസ് പ്രതിയെ ബലമായി മോചിപ്പിച്ച് ബന്ധുക്കള്‍; പത്തുപേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്, ദൃശ്യങ്ങൾ പുറത്ത് രണ്ടാം ഭാര്യയുടെ മകളായ 15കാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് സിറാജിനെതിരെ കൊല്ലം കുന്നിക്കോട് പൊലീസ് കേസെടുത്തത്. പിന്നീട് ഇയാള്‍ പത്തനംതിട്ടയിലെ കാട്ടൂര്‍പേട്ടയിലേക്ക് മാറി താമസിക്കുകയായിരുന്നു. പൊലീസ് പ്രതിയുടെ ഫോണ്‍ ലൊക്കേഷൻ പരിശോധിച്ചപ്പോൾ ആറന്മുള കാട്ടൂര്‍പേട്ടയിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയാണെന്ന് മനസിലായി. തുടര്‍ന്നാണ് പൊലീസ് മഫ്‌തിയില്‍ കാട്ടൂര്‍പേട്ടയിലെത്തി ഇയാളെ കസ്‌റ്റഡിയിലെടുക്കുന്നത്.
സിറാജിനെ കസ്‌റ്റഡിയിലെടുത്ത പൊലീസ് അവരെത്തിയ സ്വകാര്യ വാഹനത്തില്‍ കയറ്റുകയായിരുന്നു. ഇതിനിടെ ഇതുകണ്ട നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പൊലീസില്‍ നിന്നും സിറാജിനെ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. ഇതിനിടെ പ്രതി ഓടി രക്ഷപ്പെടുകയും ചെയ്‌തു. അതേസമയം മഫ്‌തിയിലെത്തിയത് പൊലീസുകാരാണെന്ന് അറിയാതെയാണ് സിറാജിനെ ബലമായി മോചിപ്പിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
എന്നാല്‍ സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒക്‌ടോബര്‍ 23ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ഇന്നാണ് (ഒക്‌ടോബര്‍ 31) പുറത്തുവന്നത്. എന്നാല്‍ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ പൊലീസ് നാട്ടുകാരെ പ്രതികളാക്കാന്‍ നീക്കം നടത്തുന്നുവെന്ന ആരോപണവും ശക്തമാണ്. ഇതിനെതിരെ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. അതേസമയം കുന്നിക്കോട് പൊലീസ് നൽകിയ പരാതിയിലാണ് തങ്ങളുടെ നടപടിയെന്നാണ് ആറന്മുള പൊലീസിന്‍റെ വിശദീകരണം.