ന്യൂഡല്‍ഹി :തുടര്‍ച്ചയായ ആറാം ദിവസവും ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) സെര്‍വര്‍ പ്രവര്‍ത്തനരഹിതമായിരിക്കെ 200 കോടി രൂപ ക്രിപ്‌റ്റോ കറന്‍സിയായി ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍. കഴിഞ്ഞ ബുധനാഴ്‌ച പകലോടെ തകരാറിലായ സെര്‍വര്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയാതായതോടെ മൂന്ന് മുതല്‍ നാല് കോടി രോഗികളുടെ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടേക്കാമെന്ന് എയിംസ് അധികൃതര്‍ ഭയപ്പെടുന്നുണ്ട്. ഇത് മുതലെടുത്താണ് ഇത്രയും ഭീമമായ തുക ക്രിപ്‌റ്റോ കറന്‍സിയായി ആവശ്യപ്പെട്ട് ഹാക്കര്‍മാരെത്തിയത്. അതേസമയം സെര്‍വര്‍ പ്രവര്‍ത്തനരഹിതമായതോടെ ആശുപത്രിയിലെ അത്യാഹിത വിഭാഗം, ഔട്ട് പേഷ്യന്‍റ് (ഒപി) വിഭാഗം, ഇന്‍ പേഷ്യന്‍റ് (ഐപി) വിഭാഗം, ലബോറട്ടറി തുടങ്ങിയ ഇടങ്ങളിലെ സേവനങ്ങള്‍ നിലവില്‍ സ്വമേധയായാണ് കൈകാര്യം ചെയ്യുന്നത്.
'വിവിഐപികളുടേത് അടക്കം നാല് കോടി രോഗികളുടെ വിവരങ്ങള്‍' ; എയിംസിനോട് 200 കോടി ക്രിപ്‌റ്റോ കറന്‍സിയായി ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍ - ന്യൂഡല്‍ഹി
മുൻ പ്രധാനമന്ത്രിമാർ, മന്ത്രിമാർ തുടങ്ങി മൂന്ന് മുതല്‍ നാല് കോടി രോഗികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) സെര്‍വര്‍ പ്രവര്‍ത്തനരഹിതമായിരിക്കെ 200 കോടി രൂപ ക്രിപ്‌റ്റോ കറന്‍സിയായി ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍
!['വിവിഐപികളുടേത് അടക്കം നാല് കോടി രോഗികളുടെ വിവരങ്ങള്‍' ; എയിംസിനോട് 200 കോടി ക്രിപ്‌റ്റോ കറന്‍സിയായി ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍ AIIMS Delhi server down Hackers cryptocurrency വിവിഐപി രോഗി രോഗികളുടെ വിവരങ്ങള്‍ നാല് കോടി ക്രിപ്‌റ്റോ കറന്‍സി ഹാക്കര്‍ പ്രധാനമന്ത്രി എയിംസ് ന്യൂഡല്‍ഹി സൈബര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17056638-thumbnail-3x2-sdfghjk.jpg)
ദ ഇന്ത്യ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍), ഡല്‍ഹി പൊലീസ്, ആഭ്യന്തര മന്ത്രാലയ അധികൃതര്‍ തുടങ്ങിയവര്‍ ഈ റാന്‍സംവയര്‍ സൈബര്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണ്. ഇതിന്‍റെ ഭാഗമായി ഡൽഹി പൊലീസിന്‍റെ ഇന്‍റലിജന്‍സ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (ഐഎഫ്എസ്ഒ) യൂണിറ്റ് നവംബര്‍ 25ന് തന്നെ കൊള്ളയടി, സൈബര്‍ ഭീകരവാദം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. മാത്രമല്ല അന്വേഷണ ഏജൻസികളുടെ ശുപാർശ പ്രകാരം ആശുപത്രിയിലെ കമ്പ്യൂട്ടറുകളിൽ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തടഞ്ഞതായും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
മുൻ പ്രധാനമന്ത്രിമാർ, മന്ത്രിമാർ, ബ്യൂറോക്രാറ്റുകൾ, ജഡ്ജിമാർ തുടങ്ങിയ വിവിഐപികളുടെ വിവരങ്ങള്‍ എയിംസ് സെര്‍വറില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇ-ഹോസ്പിറ്റൽ ഡാറ്റാബേസും ഇ-ഹോസ്പിറ്റലിനായുള്ള ആപ്ലിക്കേഷൻ സെർവറുകളും പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നാല് ഫിസിക്കൽ സെർവറുകളാണ് ഇവ പുനഃസ്ഥാപിക്കാനായി ഉപയോഗപ്പെടുത്തുന്നത്. ഇതുകൂടാതെ എയിംസ് നെറ്റ്‌വർക്ക് സാനിറ്റൈസേഷൻ പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി കമ്പ്യൂട്ടറുകള്‍ക്കും സെര്‍വറുകള്‍ക്കുമായി ആന്‍റിവൈറസ് സൊല്യൂഷനുകൾ ഒരുക്കിയിട്ടുണ്ട്. നിലവില്‍ 5,000 ത്തില്‍ ഏതാണ്ട് 1,200 കമ്പ്യൂട്ടറുകളിലും ഇവ ഇന്‍സ്‌റ്റാള്‍ ചെയ്‌തതായും 50 ല്‍ 20 സെര്‍വറുകളും സ്‌കാന്‍ ചെയ്‌തതായും 24 മണിക്കൂറും ഇവ തുടര്‍ന്നുകൊണ്ടിരിക്കുന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.