എറണാകുളം:നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്‍റെയും സഹോദരന്‍റെയും വീട്ടിലും സിനിമ നിർമാണ കമ്പനിയിലും ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധന പൂർത്തിയായി. ഉച്ചയ്ക്ക് 12.45ന് ആരംഭിച്ച റെയ്ഡ് വൈകിട്ട് 6.45നാണ് അവസാനിച്ചത്.
വീട്ടിൽ നടത്തിയ പരിശോധനയിൽ മൂന്ന് മൊബൈൽ ഫോണുകളും പെൻഡ്രൈവും അന്വേഷണ സംഘം പിടിച്ചെടുത്തു. ഇതിൽ ദിലീപിന്‍റെ ഫോണും ഉൾപ്പെടുന്നു. സിനിമ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻ ഹൗസിൽ നടത്തിയ പരിശോധനയിൽ ഹാർഡ് ഡിസ്ക് ഉൾപ്പടെയുള്ള വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്.
സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലായിരുന്നു ആലുവയിലെ 'പത്മസരോവരം' എന്ന വീട്ടിൽ ഉൾപ്പടെ മൂന്ന് കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് എസ്.പി മോഹനചന്ദ്രന്‍റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് വീട് പരിശോധിച്ചത്. ദിലീപിന്‍റെയും അഭിഭാഷകരുടെയും സാന്നിധ്യത്തിലായിരുന്നു പരിശോധന.
READ MORE: ദിലീപിന്‍റെ വീട്ടിൽ പരിശോധന; നിര്‍ണായക നീക്കവുമായി ക്രൈം ബ്രാഞ്ച്
കോടതിയുടെ അനുമതിയോടെയായിരുന്നു പരിശോധന. ക്രൈംബ്രാഞ്ച് സംഘം എത്തിയപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് പൊലീസ് ഗേറ്റ് ചാടി കടന്നാണ് വീടിന്‍റെ അങ്കണത്തിലേക്ക് പ്രവേശിച്ചത്. എന്നാൽ വീട് അടച്ചിട്ടതിനാൽ വീട്ടിൽ പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ദിലീപിന്‍റെ സഹോദരിയെത്തിയാണ് വീട് തുറന്ന് നൽകിയത്.
ഗ്രാൻഡ് പ്രൊഡക്ഷൻ ഹൗസിൽ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പരിശോധനയ്ക്ക് എത്തിയത്. എന്നാൽ ഓഫിസ് അടച്ചതിനാൽ ഉള്ളിലേക്ക് കടക്കാൻ കഴിഞ്ഞില്ല. ഒന്നേകാൽ മണിക്കൂർ സമയം കാത്ത് നിന്നതിന് ശേഷമാണ് ജീവനക്കാർ എത്തി ഓഫിസ് തുറന്നത്. ദിലീപിന്‍റെ അഭിഭാഷകരും ഇവിടെയെത്തിയിരുന്നു. അഭിഭാഷകരുടെ സാന്നിധ്യത്തിലാണ് നിർമാണ കമ്പനി ഓഫിസിൽ പരിശോധന നടത്തിയത്.
READ MORE:നടിയെ ആക്രമിച്ച കേസ്: ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻ ഹൗസിലും ക്രൈംബ്രാഞ്ച് പരിശോധന
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധിച്ചത്. നിർമാണ കമ്പനിയിലെ കംപ്യൂട്ടർ ഉൾപ്പെടെ വിശദമായി പരിശോധന നടത്തി. ദിലീപിന്‍രെ സഹോദരനും അന്വേഷണ ഉദ്യോഗസ്ഥനെ അപായപെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയുമായ അനൂപിന്‍രെ വീട്ടിലും ക്രൈംബ്രാഞ്ച് പരിശോധന നടത്തി. അന്വേഷണ ഉദ്യോഗസ്ഥനെ അപായപെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ മുൻകൂർ ജാമ്യാപേക്ഷ വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു ക്രൈംബ്രാഞ്ച് നിർണായക നീക്കം നടത്തിയത്.