എറണാകുളം : പീഡന കേസിൽ ഒളിവിലായിരുന്ന നടനും നിർമാതാവുമായ വിജയ് ബാബു എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരായി. ദുബായിൽ നിന്നെത്തിയ ശേഷം നേരെ പൊലീസിന് മുമ്പിൽ ഹാജരാവുകയായിരുന്നു. കോടതി നിർദേശപ്രകാരം തിരിച്ചെത്തിയതും കോടതി ഇടക്കാല ജാമ്യം അനുവദിച്ചതും ഉൾപ്പടെയുള്ള കാര്യങ്ങൾ വിജയ് ബാബു പൊലീസിനെ അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പ്രാഥമികമായ ചോദ്യം ചെയ്യൽ മാത്രമാണ് ഇന്ന് നടക്കുകയെന്നാണ് സൂചന. ഇന്ന് രാവിലെ ഒമ്പതരയോടെയാണ് വിജയ് ബാബു നെടുമ്പാശ്ശേരിയിലെത്തിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് വിജയ് ബാബു പ്രതികരിച്ചിരുന്നു. കോടതിയിൽ പൂർണ വിശ്വാസമുണ്ട്. നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തന്നോടൊപ്പം നിന്ന കുടുംബത്തിനും, സുഹൃത്തുക്കൾക്കും, എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എയർപോർട്ടിൽ നിന്നും മടങ്ങും വഴി ആലുവയിലെ ക്ഷേത്രത്തിൽ വിജയ് ബാബു ദർശനം നടത്തിയിരുന്നു. യുവനടിയുടെ പരാതിയിൽ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്‌തതിന് പിന്നാലെ വിജയ് ബാബു ഗോവ വഴി ദുബായിലേക്ക് കടക്കുകയായിരുന്നു. തുടർന്ന് പരാതിക്കാരിക്കെതിരെ സാമൂഹ്യ മാധ്യമത്തിലൂടെ പ്രതികരിക്കുകയും, പേര് വെളിപ്പെടുത്തുകയും ചെയ്‌തു. ഇതേ തുടർന്ന് സൗത്ത് പൊലീസ് മറ്റൊരു കേസുകൂടി രജിസ്റ്റർ ചെയ്‌തിരുന്നു.