എറണാകുളം:കൊച്ചിയില്‍ വാഹനത്തില്‍ വച്ച് മോഡലിനെ കൂട്ടബലാത്സംഗം ചെയ്‌ത കേസിലെ പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു. രാജസ്ഥാന്‍ സ്വദേശിനിയായ മോഡല്‍ ഡിംപിള്‍, കൊടുങ്ങല്ലൂർ സ്വദേശികളായ സുധി, നിധിൻ, വിവേക് എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഓരോ പ്രതികളുടെയും പങ്ക് സംബന്ധിച്ചും വിശദമായ പരിശോധന നടത്തും.
വൈദ്യ പരിശോധന ഉള്‍പ്പെടെയുള്ളവ പൂർത്തിയാക്കിയിട്ടുണ്ട്. കുറ്റകൃത്യത്തിനായി ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തു. പ്രതികളെ ഇന്നോ നാളെയോ കോടതിയിൽ ഹാജരാക്കും. ബലാത്സംഗം, ക്രിമിനൽ ഗൂഢാലോചന, മനുഷ്യക്കടത്ത് തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതികളെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കുമെന്നും പ്രതികളുടെ സാംപിൾ ശേഖരിച്ചതായും കമ്മിഷണർ വ്യക്തമാക്കി.
പരാതിക്കാരിയുടെ മൊഴി പ്രകാരം മുഖ്യപ്രതി സംഭവത്തിൽ ഉൾപ്പെട്ട വനിതയാണ്. പ്രതികളുടെ മുൻകാല ചരിത്രം സംബന്ധിച്ച് അന്വേഷണം നടത്തും. പ്രതിയായ സ്ത്രീയും ഇരയായ സ്ത്രീയും തമ്മിലുള്ള പരിചയമാണ് കുറ്റകൃത്യത്തിന് മറ്റ് പ്രതികൾക്ക് സഹായകമായത്. പരാതിക്കാരി നിലവില്‍ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.