അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ എറണാകുളം: കൊച്ചി നഗരത്തിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. വൈപ്പിൻ സ്വദേശി ആന്‍റണിയാണ് (46) മരിച്ചത്. ബൈക്കിനെ അശ്രദ്ധമായി ബസ് മറികടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാധവ ഫാർമസി ജങ്ഷനിൽ രാവിലെ എട്ടരയോടെയാണ് സംഭവം.
ഹൈക്കോടതി ഭാഗത്ത് നിന്നും കലൂർ ഭാഗത്തേക്ക് ഇരുചക്രവാഹനത്തിൽ മാധവ ഫാർമസി ജംഗ്‌ഷനിലെ സിഗ്നൽ കടന്നു പോകുകയായിരുന്നു ആന്‍റണി. റോഡിന്‍റെ ഇടതുവശം ചേർന്ന് യാത്ര ചെയുകയായിരുന്ന ബൈക്കിൽ ഇതേ ദിശയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്ക് റോഡിലേക്ക് വീഴുകയും യാത്രക്കാരനായ ആന്‍റണി ബസിനടിയിൽപ്പെടുകയായിരുന്നു.
ആന്‍റണിയുടെ ശരീരത്തിലുടെ ബസ് കയറിയിറങ്ങി. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം, കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളുടെ അമിത വേഗതയിൽ ഹൈക്കോടതി വരെ ഇടപെട്ടുവെങ്കിലും ബസ് ഡ്രൈവർമാർ നിയമ ലംഘനം തുടരുകയാണെന്ന് വ്യക്തമാക്കുന്നതാണ് അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ. അശ്രദ്ധമായി വാഹനമോടിക്കുന്ന ബസ് ഡ്രൈവർക്കെതിരെ കർശന നടപടിയെടുക്കണമെന്ന കോടതി വിധികളും നിലവിലുണ്ട്. തിരക്കേറിയ നഗരത്തിൽ തങ്ങളുടെ ലാഭം മാത്രം ലക്ഷ്യമാക്കി അമിത വേഗതയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ നടപടിയിൽ ജനങ്ങൾക്കും ശക്തമായ എതിർപ്പാണുള്ളത്. മോട്ടോർ വാഹന വകുപ്പ് ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.