തെലങ്കാന: അമേരിക്കയില്‍ ജോലിയുണ്ടെന്ന് പറഞ്ഞ് യുവതികളെ വിവാഹം ചെയ്‌ത് തട്ടിപ്പിനിരയാക്കുന്ന 46കാരനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. എട്ട് യുവതികളെയാണ് വിവാഹം ചെയ്‌ത് ഇയാള്‍ തട്ടിപ്പിനിരയാക്കിയത്. വിവാഹത്തിന് ശേഷം യുവതികളുടെ നഗ്‌ന ചിത്രങ്ങള്‍ മൊബൈല്‍ പകര്‍ത്തും. ഇതിന് വിസമ്മതിക്കുന്ന യുവതികളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യും.
അവസാനമായി നടന്ന വിവാഹത്തെ തുടര്‍ന്ന് ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ യുവതി പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. യുവതി പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഇയാള്‍ യുവതിയെ പണം കൊടുത്ത് സ്വാധീനിക്കാന്‍ ശ്രമിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്.
എന്‍ആര്‍ഐ ബന്ധങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ്: വിവാഹം ചെയ്യാനുദ്ദേശിക്കുന്ന യുവതികളോട് ഇയാള്‍ ലണ്ടനില്‍ എംബിഎ കഴിഞ്ഞ് അമേരിക്കയില്‍ സോഫ്‌റ്റ്‌വെയര്‍ സംബന്ധിച്ച ജോലിയിലാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കും. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് നാട്ടില്‍ വരുന്നതെന്നും പറയും. അതേ സമയം വിജയവാഡയില്‍ ഇയാളുടെ രക്ഷിതാക്കളെന്ന് പറയുന്ന രണ്ട് പേര്‍ വിവാഹം ആലോചിച്ചെത്തിയ പെണ്‍കുട്ടിക്കും വീട്ടുകാര്‍ക്കും ഇയാളുടെ ഫോട്ടോ കാണിച്ച് കൊടുക്കും.
മാത്രമല്ല വിവാഹത്തിന് ശേഷം വധുവിനെ അമേരിക്കയിലേക്ക് കൊണ്ട് പോകുമെന്നും പറയും. ഇതോടെ ഭൂരിഭാഗം ആളുകളും വിവാഹത്തിന് സമ്മതം പ്രകടിപ്പിക്കും. മാത്രമല്ല ലക്ഷകണക്കിന് രൂപയും പണവും ഇയാള്‍ സ്‌ത്രീധനമായി വാങ്ങിക്കുകയും ചെയ്യും.
ഫോട്ടോ ഉപയോഗിച്ചുള്ള ഭീഷണി: ഈ നാല്‍പത്തിയാറുകാരന്‍ പെണ്ണുകാണാനും വിവാഹത്തിനുമെത്തുന്നത് വിഗ് ധരിച്ചാണ്. ഇയാള്‍ കഷണ്ടിയാണെന്നും വധു തിരിച്ചറിയുന്നതോടെ തനിക്ക് ഒരുതരത്തിലുള്ള ചര്‍മ രോഗമാണെന്നും അതാണ് കഷണ്ടിക്ക് കാരണമെന്നും അതിന് ചികിത്സയുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിക്കും. വിവാഹം കഴിച്ച ആദ്യ രണ്ട് മാസങ്ങളില്‍ വലിയ ആഢംബര വീടുകള്‍ വാടകക്കെടുത്ത് നവവധുമായി അതില്‍ താമസിക്കും.