തിരുവനന്തപുരം:ജില്ല കോടതി നശിപ്പിച്ച് കളയാനേല്‍പ്പിച്ച തീര്‍ന്ന കേസിന്‍റെ തൊണ്ടി മുതലായ സ്‌പിരിറ്റ്, എക്‌സൈസ് ഉദ്യോഗസ്ഥര്‍ മോഷ്‌ടിച്ച് കടത്തിയ സംഭവത്തില്‍ ആറ് ഉദ്യാഗസ്ഥര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു. പത്തനംതിട്ട മല്ലപ്പളളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.സാജു, എക്സൈസ് പ്രിവന്റീവ് ഓഫിസർ സച്ചിൻ സെബാസ്റ്റ്യൻ, എക്സൈസ് ഡ്രൈവർ പി.ജി വിശ്വനാഥൻ, സിവിൽ എക്സൈസ് ഓഫീസർമാരായ വി പ്രദീപ് കുമാർ, എസ്.ഷൈൻ, ജി.പ്രവീൺ എന്നിവർക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ കോടതി ഉത്തരവിട്ടത്.
കേസിന്‍റെ പ്രാരംഭ അന്വേഷണ റിപ്പോര്‍ട്ട് 60 ദിവസത്തിനകം ഹാജരാക്കാന്‍ വിജിലന്‍സ് ഡയറക്‌ടര്‍ക്ക് ജഡ്‌ജി ജി.ഗോപകുമാര്‍ നിര്‍ദേശം നല്‍കി. നിലവില്‍ അഴിമതി, വ്യജ രേഖ ചമക്കല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ നിയമങ്ങള്‍ പ്രകാരം കേസെടുക്കാനാണ് കോടതി ഉത്തരവിട്ടത്. സംഭവത്തില്‍ ഉദ്യാഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം വേണ്ടെന്നും നികുതി വകുപ്പ് മുഖേന നടപടിയെടുത്താന്‍ മതിയെന്നുമുള്ള വിജിലന്‍സ് എസ്.പി കെ.ഇ ബൈജുവിന്‍റെ റിപ്പോര്‍ട്ട് തള്ളിയാണ് കോടതി ഉത്തരവ്.
മാത്രമല്ല അഭിപ്രായമുന്നയിച്ച വിജിലൻസ് എസ്.പിയെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. തൊണ്ടി മുതല്‍ ദുരുപയോഗം, വ്യാജ എഫ്.ഐ.ആര്‍ രേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന്‍ അഴിമതി നിരോധന നിയമത്തിലെ 2018ലെ നീതി വകുപ്പായ 17എ പ്രകാരം പ്രോസിക്യൂഷന്‍ അനുമതി വേണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി.