തൃശൂർ :തൃശൂരിൽ ധനകാര്യ സ്ഥാപനം വായ്‌പ നിഷേധിച്ചതിനാല്‍ സഹോദരിയുടെ വിവാഹം മുടങ്ങുമോയെന്ന് ഭയന്ന് ആത്മഹത്യ ചെയ്ത വിപിന്‍റെ സഹോദരി വിദ്യ സുമംഗലിയായി. പാറമേക്കാവ് ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ വിദ്യയ്ക്ക് വരൻ നിധിന്‍ താലിചാര്‍ത്തി. അമ്മയാണ് വിദ്യയുടെ കൈ പിടിച്ച് നിധിനെ ഏൽപ്പിച്ചത്.
ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. ഡിസംബർ രണ്ടിനായിരുന്നു നേരത്തെ വിവാഹം നിശ്ചയിച്ചിരുന്നത്. പൊന്നും പണവുമൊന്നും നിധിന്‍ ആവശ്യപ്പെട്ടിരുന്നില്ല. എങ്കിലും പെങ്ങള്‍ക്ക് വിവാഹത്തിന് അല്‍പം സ്വര്‍ണവും നല്ല വസ്ത്രവും നല്‍കാനുള്ള പ്രയത്‌നത്തിലായിരുന്നു വിപിന്‍.
ഇത് വിപിൻ കാണാനാഗ്രഹിച്ച വിവാഹം; വിദ്യക്ക് താലിചാര്‍ത്തി നിധിന്‍ ALSO READ:സഹോദരിയുടെ വിവാഹത്തിന് സ്വർണമെടുക്കാൻ അമ്മയ്‌ക്കൊപ്പം ജുവലറിയില്‍: വായ്‌പ കിട്ടുമെന്ന പ്രതീക്ഷ അവസാനിച്ചു, വിപിൻ ജീവിതം അവസാനിപ്പിച്ചു
തൃശൂര്‍ ചെമ്പൂക്കാവിലെ മൂന്നുസെന്‍റും ചെറിയ വീടും പണയപ്പെടുത്തി ഒരു ലക്ഷമെങ്കിലും വായ്‌പ എടുക്കാന്‍ വിപിന്‍ തീരുമാനിച്ചു. ഡിസംബർ ആറിന് സ്വർണം വാങ്ങാൻ സഹോദരിയെയും അമ്മയെയും വിപിൻ ജ്വല്ലറിയിലേക്ക് അയയ്ക്കുകയും പണവുമായി ഉടനെ എത്താം എന്ന് അറിയിക്കുകയും ചെയ്‌തു.
എന്നാൽ വായ്‌പ നൽകാമെന്ന് ഉറപ്പ് നൽകിയ ധനകാര്യ സ്ഥാപനം അവസാനനിമിഷം പിന്മാറി. ഇതില്‍ മനംനൊന്ത് വിപിൻ വീട്ടിലെത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.