കേരളം

kerala

ETV Bharat / city

പുലികൾ ഓൺലൈനില്‍: കൊവിഡിന് കീഴടങ്ങാതെ തൃശൂർ - ഓണ്‍ലൈന്‍ പുലികളി

കൊവിഡിനെ കരുതൽ കൊണ്ട് അകറ്റി നിർത്താൻ ആഹ്വാനം ചെയ്ത പുലികൾ ക്യാമറക്ക് മുന്നിലെ ചുവടുവയ്പ്പുകൾ അവസാനിപ്പിച്ച് തിരികെ പുലിമടയിലേക്ക് മടങ്ങിയതോടെ തൃശൂരിന്‍റെ ഓണാഘോഷങ്ങൾക്ക് കൊട്ടികലാശമായി.

thrissur pulikali in online  കൊവിഡിനെ തോൽപ്പിക്കാൻ മടകളിൽ ചുവടുവെച്ച് ഡിജിറ്റൽ പുലികൾ  ഡിജിറ്റൽ പുലികൾ  ഓണ്‍ലൈന്‍ പുലികളി  തൃശൂര്‍ കൊറോണ പുലികളി
കൊവിഡിനെ തോൽപ്പിക്കാൻ മടകളിൽ ചുവടുവെച്ച് ഡിജിറ്റൽ പുലികൾ

By

Published : Sep 4, 2020, 12:16 PM IST

Updated : Sep 4, 2020, 3:07 PM IST

തൃശൂര്‍: ആഘോഷങ്ങൾ കൊവിഡ് കൊണ്ടുപോയപ്പോൾ കേരളത്തിന് നഷ്ടമായത് ഓണത്തിന് ശേഷമുള്ള തൃശൂരിന്‍റെ സ്വന്തം പുലിക്കളിയാണ്. പുലികളെ കൊണ്ട് നിറയുന്ന സ്വരാജ് റൗണ്ടില്‍ ആരവും ആർപ്പുവിളിയും ഉണ്ടായില്ല. പക്ഷേ പുലിയിറങ്ങാതെ ഓണാഘോഷമില്ലല്ലോ... എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് ഇത്തവണ അയ്യന്തോൾ ദേശം പുലിക്കളി ഓൺലൈനായി നടത്തി. അരമണിയും വമ്പൻ വയറും കുലുക്കി സ്വന്തം മടകളിൽ നിന്നും പുലകള്‍ ഓൺലൈനായി ചുവടുവച്ചപ്പോൾ ലോകമാകെയുള്ള പുലിക്കളി ആരാധകർ വീട്ടിലിരുന്ന് ആസ്വദിച്ചു. തൃശൂരുകാരുടെ നിശ്ചയദാർഢ്യത്തില്‍ അരങ്ങേറിയ ഡിജിറ്റൽ പുലിക്കളിയിൽ 20 പുലികളാണ് ചുവടുവച്ചത്.

പുലികൾ ഓൺലൈനില്‍: കൊവിഡിന് കീഴടങ്ങാതെ തൃശൂർ

പുള്ളിപ്പുലിയും വരയൻ പുലിയും വയറൻ പുലിയും എലുമ്പൻ പുലിയും എന്നുവേണ്ട വിവിധ ഇടങ്ങളിൽനിന്ന് 20 ഓളം പുലികൾ സ്‌ക്രീനിൽ അരമണി കുലുക്കിയാടിയപ്പോൾ ആചാരം തെറ്റിക്കാതെ സ്വരാജ് റൗണ്ടിൽ വിയ്യൂർ സെന്‍ററിന്‍റെ കരിമ്പുലിയും ഇറങ്ങി. ആചാരപ്രകാരം നടുവിലാലിൽ കരിമ്പുലി തേങ്ങയും ഉടച്ചു. ബ്രേക്ക് ദി ചെയിൻ പ്ലക്കാർഡും, സാനിറ്റൈസറും, ഗ്ലൗസും ധരിച്ച പുലി കൊവിഡിനെതിരെ പടപൊരുതാൻ ആഹ്വാനമുയർത്തിയാണ് നഗരം വിട്ടത്. അതേസമയം കഴിഞ്ഞ വർഷം വിയ്യൂർ ദേശത്തിനായി ഇറങ്ങിയ പെൺപുലി ഇത്തവണയും സ്വരാജ് റൗണ്ടിലെത്തി. എറണാകുളം സ്വദേശിയായ പാർവതി.വി.നായരാണ് പെൺപുലിയായി സാന്നിധ്യം അറിയിച്ചത്. കൊവിഡിനെ കരുതൽ കൊണ്ട് അകറ്റി നിർത്താൻ ആഹ്വാനം ചെയ്ത പുലികൾ ക്യാമറക്ക് മുന്നിലെ ചുവടുവയ്പ്പുകൾ അവസാനിപ്പിച്ച് തിരികെ പുലിമടയിലേക്ക് മടങ്ങിയതോടെ തൃശൂരിന്‍റെ ഓണാഘോഷങ്ങൾക്ക് കൊട്ടികലാശമായി.

Last Updated : Sep 4, 2020, 3:07 PM IST

ABOUT THE AUTHOR

...view details