തൃശൂർ: പൂരാവേശത്തില്‍ ശക്തന്റെ തട്ടകം. നാടിന്റെ കണ്ണും കാതും വടക്കുംനാഥന്‍റെ മുന്നിലെത്തുമ്പോൾ പൂരം കൊട്ടിക്കയറി. രാവിലെ അഞ്ചുമണിയോടെ കണിമംഗലം ശാസ്താവിന്‍റെ പുറപ്പാട് ആരംഭിച്ച് ഏഴരയോടെ ശാസ്താവ് തെക്കേ നട വഴി വടക്കുന്നാഥനിലെത്തിയതോടെ തൃശൂർ പൂര ചടങ്ങിന് തുടക്കമായി. പിന്നാലെ ഘടക പൂരങ്ങൾ ഓരോന്നായി വടക്കുന്നാഥ സന്നിയിലെത്തി. രണ്ടുവർഷം കൊവിഡ് നിയന്ത്രങ്ങൾ മൂലം മുടങ്ങിയെങ്കിലും ഇത്തവണ വിപുലമായാണ് പൂരം ചടങ്ങുകൾ.
പൂരദിനത്തിൽ എട്ട് ഘടക ക്ഷേത്രങ്ങളിൽ നിന്നും ആദ്യമെത്തുന്നത് കണിമംഗലം ശാസ്താവാണ്. ഐതിഹ്യപ്രകാരം വടക്കുംനാഥനെക്കാൾ പ്രായമുള്ളതിനാൽ കണിമംഗലം ശാസ്താവ് വെയിലും മഴയും ഏൽക്കാതെ നേരത്തെ എത്തി തെക്കേ ഗോപുരനട വഴി വടക്കുനാഥ ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു. തുടർന്ന് പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, പൂക്കാട്ടിക്കര കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകാവ്, അയ്യന്തോൾ, കുറ്റൂർ നെയ്‌തലക്കാവ് എന്നീ ദേശങ്ങളുടെ ചെറുപൂരങ്ങളും എത്തിയതോടെ തൃശൂർ നഗരം അക്ഷരാർഥത്തില്‍ ആവേശത്തിലായി.