തൃശ്ശൂര്‍: കാത്തിരുന്ന പൂരങ്ങളുടെ പൂരം കാണാന്‍ മണിക്കൂറുകളെണ്ണി കാത്തിരുന്ന പൂര പ്രേമികള്‍ക്ക് മുന്നിലേക്ക് വടക്കുംനാഥന്‍റെ നടതുറന്നു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരെ അണിനിരത്തി ഓരോരോ ദേശക്കാര്‍ പല ദിക്കില്‍ നിന്നായി വടുക്കുംനാഥനെ കണ്ട് വണങ്ങി. കൊടും ചൂടില്‍ മേളത്തിനൊപ്പം ആവേശവും ചൂടുപിടിച്ചു.
ചുട്ടുപൊള്ളുന്ന ചൂടില്‍ ആര്‍ത്തിരമ്പിയ പുരുഷാരത്തെ മേളത്തിന്‍റെ കൊടുമുടിയിലെത്തിച്ച് മേള പ്രമാണിമാരുടെ വരവ്. ഇതിനിടെ പാറമേകാവ് ഭഗവതിയുടെ എഴുന്നെള്ളത്ത്. അക്ഷരാര്‍ഥത്തില്‍ പൂരം ആവേശത്തിന്‍റെ കൊടുമുടിയിലെത്തി. ആവേശം അലയടിക്കുന്ന അന്തരീക്ഷത്തിലേക്ക് പെരുവനം കുട്ടന്‍മാരാരും സംഘവും ചേര്‍ന്ന് പാണ്ടിയില്‍ താള വിസ്മയം തീര്‍ത്തു. പതികാലത്തില്‍ തുടങ്ങി അക്ഷരകാലത്തിലൂടെ മേളപ്പെരുക്കം. പിന്നെ വര്‍ണ വിസ്മയങ്ങളുടെ കുടമാറ്റത്തിനായുള്ള കാത്തിരിപ്പിലായിരുന്നു പുരുഷാരം.
തെക്കേ ഗോപുര നടവഴി കാത്തുവച്ച വര്‍ണ വിസ്മയങ്ങളുമായി ആദ്യം പാറമേക്കാവ് വിഭാഗവും പിന്നാലെ തിരുവമ്പാടി വിഭാഗവും തെക്കോട്ടിറങ്ങി. അഭിമുഖമായി നിലയുറപ്പിച്ചു. ചുവപ്പ് പട്ടുകുടയുയർത്തി പാറമേക്കാവ് കുടമാറ്റത്തിന് തുടക്കമിട്ടു. പിന്നാലെ മത്സരം. ഇരുവിഭാഗത്തിന്‍റെയും കുടമാറ്റത്തിൽ തേക്കിൻകാടിന്‍റെ ആൾക്കടൽ ഇരമ്പിയാർത്തു.