തൃശൂർ : ചില്‍ഡ്രന്‍സ് ഹോമിന്‍റെ അതിരുകള്‍ ഭേദിച്ച അപ്പുവിന്‍റെ ലോംഗ് പാസ് ചെന്നെത്തിയത് കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഗോള്‍ മുഖത്താണ്. കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ റിസര്‍വ് ടീമിന്‍റെ ഭാഗമായിരിക്കുകയാണ് തൃശൂർ രാമവര്‍മപുരം ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ ഈ പ്ലസ് വണ്‍ വിദ്യാർഥി. ജീവിത പ്രതിസന്ധികളെയെല്ലാം തരണം ചെയ്‌താണ് അപ്പു ലക്ഷ്യത്തിലേക്ക് കുതിക്കുന്നത്.
പത്താം വയസിലാണ് വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാമവര്‍മപുരത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ അപ്പു എത്തുന്നത്. ചില്‍ഡ്രന്‍സ് ഹോമിലെ ജീവിതമാണ് അപ്പുവിലെ കളിക്കാരനെ വളര്‍ത്തിയത്. എഫ് സി കേരളയുടെ ഭാഗമായായിട്ടായിരുന്നു പ്രൊഫഷണൽ ഫുട്‌ബോളിലെ തുടക്കം. തുടര്‍ന്ന് സെന്‍റ് അലോഷ്യസ് ഹൈസ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനൊപ്പം ചേര്‍ന്നു. തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ നടന്ന ഫുട്‌ബോള്‍ ഫൈനല്‍ സെലക്ഷന്‍ ക്യാമ്പാണ് അപ്പുവിലെ കളിക്കാരനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നത്.