എറണാകുളം:സിറോ മലബാർ സഭയുടെ ലൗ ജിഹാദ് പ്രസ്താവനയ്ക്കെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭിന്നത രൂക്ഷം. അടിയന്തര സിനഡ് ചേർന്ന് പ്രസ്താവന തിരുത്തണമെന്നാണ് ഒരു വിഭാഗം വൈദികരുടെ ആവശ്യം. അല്ലാത്ത പക്ഷം വിശദീകരണക്കുറിപ്പ് ഇറക്കേണ്ടിവരുമെന്നാണ് വൈദികരുടെ മുന്നറിയിപ്പ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കണമെന്നും വൈദികർ ആവശ്യപ്പെടുന്നു. ലൗ ജിഹാദിനെതിരെ സഭാ സിനഡിന്‍റെ തീരുമാനപ്രകാരം കഴിഞ്ഞദിവസം പള്ളികളിൽ സർക്കുലർ വായിച്ചിരുന്നു. അതേസമയം എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലുളള ഭൂരിഭാഗം പള്ളികളും സർക്കുലർ ബഹിഷ്ക്കരിച്ചിരുന്നു.
ലൗഹ് ജിഹാദ് പ്രസ്‌താവാന ; എറണാകുളം അങ്കമാലി അതിരൂപതയിലെ ഭിന്നത രൂക്ഷമാകുന്നു
വിവാദ ഭൂമി ഇടപാടിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള കർദിനാൾ ആലഞ്ചേരിയുടെ തന്ത്രമാണ് സിനഡ് പ്രസ്താവനയെന്നും സഭ ബിജെപി പക്ഷത്തേക്ക് നീങ്ങുന്നുവെന്ന ധാരണയുണ്ടാക്കുന്നതുമാണെന്നാണ് അതിരൂപതയുടെ വാദം.
പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച് ആർ.എസ്.എസ് മുഖപത്രത്തിൽ പി.ഒ.സി. ഡയറക്ടർ ലേഖനമെഴുതിയതും, ലൗ ജിഹാദിനെതിരെയുള്ള പ്രസ്താവനയും സഭ ബി.ജെ.പി പക്ഷത്തേക്ക് നീങ്ങുന്നുവെന്ന ധാരണയുണ്ടാക്കുമെന്നാണ് വൈദികരുടെയും വിശ്വാസികളുടെയും വിമർശനം. വിവാദ ഭൂമി ഇടപാടിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള കർദിനാൾ ആലഞ്ചേരിയുടെ തന്ത്രമാണ് സിനഡ് പ്രസ്താവനയെന്നും ഇവർ ആരോപിക്കുന്നു. വിവാദ ഭൂമിയിടപാട് പ്രശ്നത്തിന് ശേഷം സിറോ മലബാർ സഭയുമായി ലൗ ജിഹാദ് വിഷയത്തിൽ, പരസ്യ ഏറ്റുമുട്ടലിനാണ് എറണാകുളം അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വിശ്വാസികളും വൈദികരും തയ്യാറെടുക്കുന്നത്.