തൃശൂര്‍/ചെന്നൈ: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി വനത്തിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് മണിവാസകത്തിന്‍റെ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് അനുമതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്‍റേതാണ് വിധി. മണിവാസകത്തിന്‍റെ ഭാര്യ കല നൽകിയ ഹർജിയിലാണ് ഉത്തരവ്. ഭാര്യയ്ക്കും മറ്റ് ബന്ധുക്കൾക്കും തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി മൃതദേഹം കാണാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഇപ്പോൾ മറ്റൊരു കേസിൽ തിരുച്ചിറപ്പള്ളി ജയിലിൽ തടവിൽ കഴിയുകയാണ് മാവോയിസ്റ്റ് നേതാവായിരുന്ന മണിവാസകത്തിന്‍റെ ഭാര്യ. ഇവരുടെ മകളും ഇതേ ജയിലിൽ തടവിലാണ്. കലയെ മൃതദേഹം കാണാൻ അനുവദിക്കാതെ പൊലീസിന്‍റെ തുടർ നടപടി പാടില്ലെന്ന് മധുര ബെഞ്ചിന്‍റെ വിധിയിൽ വ്യക്തമാക്കുന്നുണ്ട്.
മാവോയിസ്റ്റ് വെടിവെയ്പ്പ്; മണിവാസകത്തിന്‍റെ മൃതദേഹം കാണാൻ ബന്ധുക്കൾക്ക് അനുമതി
ഭാര്യയ്ക്കും മറ്റ് ബന്ധുക്കൾക്കും തൃശൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി മൃതദേഹം കാണാമെന്ന് കോടതി.
മരിച്ച മവോയിസ്റ്റുകളുടെ മൃതദേഹം കാണാൻ അനുവദിച്ചില്ലെന്നാരോപിച്ച് ബന്ധുക്കൾ തൃശൂർ മേഖല ഡി ഐ ജിക്ക് പരാതി നൽകിയിരുന്നു. കാർത്തിക്കായി സഹോദരൻ മുരുകേശനും മണിവാസനായി സഹോദരി ലക്ഷ്മിയുമാണ് പരാതി നൽകിയിരുന്നത്. എന്നാൽ ഇക്കാര്യത്തിൽ ലോക്കൽ പൊലീസിന് ഇടപെടാനാകില്ലെന്നും തീരുമാനം എടുക്കേണ്ടത് പാലക്കാട് ക്രൈംബ്രാഞ്ചാണെന്നും ഡി ഐ ജി മറുപടി നൽകി. ഇതേതുടര്‍ന്ന് മണിവാസകത്തിന്‍റെ ഭാര്യ കല സമര്‍പ്പിച്ച ഹർജിയിലാണ് മദ്രാസ് ഹൈക്കോടതി വിധി വന്നത്.
മഞ്ചിക്കണ്ടിയിൽ കൊല്ലപ്പെട്ടവർ ആരൊക്കെ എന്നറിയാനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. ഇവരുടെ ചിത്രങ്ങൾ കർണാടക, തമിഴ്‌നാട് പൊലീസ് സേനകൾക്ക് കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ തുടർ നടപടികൾ ഉണ്ടാകില്ല. കർണാടകത്തിന്‍റെയും തമിഴ്‌നാടിന്‍റെയും ഭാഗത്ത് നിന്ന് പ്രതികരണം ലഭിച്ച ശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാവുകയുള്ളൂ. അതുവരെ നാല് മൃതദേഹങ്ങളും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.