തൃശൂര്‍: പാലിയേക്കര ടോൾ പ്ലാസയിൽ വാഹനം കടത്തി വിടുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നുള്ള കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ രാത്രി (08 ജൂലൈ 2021) പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. ടോൾ പ്ലാസയിലെ ജീവനക്കാരായ ടി.ബി.അക്ഷയ്, നിധിൻ ബാബു എന്നിവർക്കാണ് കുത്തേറ്റത്. കുത്തേറ്റ രണ്ട് പേരുടെയും നില ഗുരുതരമല്ല.
രണ്ട് പേർ ചേർന്നാണ് ആക്രമണം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കാർ കടന്നുപോകാൻ ബാരിയർ മാറ്റിയില്ലെന്ന് ആരോപിച്ചാണ് ജീവനക്കാരുമായി അക്രമികൾ വാക്കുതർക്കത്തിലേർപ്പെട്ടത്. തുടര്‍ന്ന് മർദിക്കാൻ ശ്രമിക്കുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പൊലീസ് പരിശോധിച്ചുവെങ്കിലും പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.