തൃശ്ശൂർ: ഈ വർഷത്തെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് തൃശ്ശൂർ മതിലകം സെന്‍റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ മുജീബ് റഹ്‌മാന്. അധ്യാപകൻ എന്ന നിലയിലും പ്രധാനാധ്യാപകൻ എന്ന നിലയിലും വിദ്യാലയത്തിനും വിദ്യാർഥികൾക്കും സമൂഹത്തിനും നൽകിയ മികച്ച സേവനത്തിനാണ് അംഗീകാരം. കഴിഞ്ഞ മൂന്ന് വർഷമായി എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടുകയും ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ച വിദ്യാലയം എന്ന ബഹുമതി നേടിയെടുക്കുകയും ചെയ്തത് മുജീബിനെ ശ്രദ്ധേയനാക്കിയിരുന്നു.
കുട്ടികളെ വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മാഷ്; അംഗീകാര നിറവില്‍ മുജീബ് റഹ്‌മാന്‍
മൂന്ന് വർഷമായി മുജീബ് റഹ്‌മാന്‍റെ സ്കൂള്‍ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയിരുന്നു. കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തി വിജയിപ്പിച്ച വിദ്യാലയം എന്ന ബഹുമതിയും തൃശ്ശൂർ മതിലകം സെന്‍റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിന് ലഭിച്ചിരുന്നു.
കഴിഞ്ഞ 25 വർഷമായി മതിലകം സെന്‍റ് ജോസഫ്‌സ് സ്‌കൂളിലെ അധ്യാപകനാണ് മുജീബ് റഹ്‌മാന്‍. 1995 ല്‍ സര്‍വീസ് ആരംഭിച്ച മുജീബ് 2017 ഏപ്രിലിലാണ് പ്രധാനാധ്യാപകനായി ചുമതലയേൽക്കുന്നത്. സ്റ്റാഫ് അംഗങ്ങളുടെയും പി.ടി.എ.യുടെയും മാനേജ്മെന്‍റിന്‍റെയും പൂർണ പങ്കാളിത്തത്തോടെ മുജീബ് മാഷ് ആവിഷ്‌കരിച്ചു നടപ്പിലാക്കിയ നൂതന പദ്ധതികൾ വിദ്യാലയത്തിൽ വിപ്ലവകരമായ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. മതിലകം കാതിക്കോട് സ്വദേശിയായ മുജീബിന്‍റെ ഭാര്യ ബിന്ദുമോൾ ശാന്തിപുരം എം.എ.ആർ.എം.ജി.വി.എച്ച്.എസ്.എസിലെ അധ്യാപികയാണ്. വിദ്യാർഥികളായ സജ്‌ന, സഫ്വ എന്നിവർ മക്കളാണ്.