തൃശൂര്‍: വേനല്‍ക്കാലത്ത് വിപണിയില്‍ ലഭ്യമാകുന്ന ഏറ്റവും പ്രചാരമേറിയ പഴങ്ങളില്‍ ഒന്നാണ് തണ്ണിമത്തൻ. ചൂടുകാലത്ത് വഴിയോരത്തും പഴക്കടകളിലും തണ്ണിമത്തൻ നിറയും. തണ്ണിമത്തന്‍റെ കാമ്പില്‍ നിന്നുള്ള ജ്യൂസിനും ആവശ്യക്കാരേറെയാണ്. ദാഹം ശമിപ്പിക്കുന്നതിനൊപ്പം പോഷണവും മനസിന് ഉൻമേഷവും നല്‍കുന്ന തണ്ണിമത്തന് വിപണിയില്‍ ആവശ്യക്കാരേറെയാണ്.
കുരുവില്ലാത്ത തണ്ണിമത്തൻ
തണ്ണിമത്തൻ കഴിക്കുമ്പോൾ ഏറ്റവുമധികം ബുദ്ധിമുട്ടുണ്ടാക്കുന്നത് അതിനുള്ളിലെ കുരുവാണ്. അതുകൊണ്ട് തന്നെ കുരുവില്ലാത്ത തണ്ണിമത്തന് വിപണിയിൽ ഡിമാൻഡ് കൂടുതലാണ്.
നമ്മുടെ മണ്ണുത്തിയില്‍ നിന്നിതാ കരുവില്ലാത്ത തണ്ണിമത്തൻ ഒരു ചെടിയിൽ നിന്ന് മൂന്നു മുതൽ നാലു വരെ കായ വരെ ലഭിക്കും. കുരുവില്ലാത്ത തണ്ണിമത്തൻ രണ്ടു തരമുണ്ട്. ചുവന്ന നിറത്തിലുള്ള തണ്ണിമത്തന് ഷോണിമ എന്നും മഞ്ഞ നിറത്തിലുള്ളതിനെ സ്വർണ തണ്ണിമത്തനെന്നും അറിയപ്പെടുന്നു.
അഭിമാനത്തോടെ കേരള കാർഷിക സർവകലാശാല
അന്താരാഷ്‌ട്ര മാർക്കറ്റിൽ പൊന്നും വിലയുള്ള കുരുവില്ലാത്ത തണ്ണിമത്തന്‍ താങ്ങാനാവുന്ന വിലയ്ക്ക് വാങ്ങണമെന്നുണ്ടെങ്കില്‍ മണ്ണുത്തിയിലെ കേരള കാർഷിക സർവകലാശാലയിലെത്തിയാല്‍ മതി. കുരുവില്ലാത്ത തണ്ണിമത്തന്‍റെ വിത്തിന് ഒരു കിലോക്ക് മുപ്പതിനായിരം രൂപ എന്ന നിലയിലാണ് കർഷകർക്ക് ലഭ്യമാക്കുന്നത്. സ്വർണ തണ്ണിമത്തൻ ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖല സ്ഥാപനം പുറത്തിറക്കുന്നത്.
വെജിറ്റബിൾ സയൻസ് ഡിപ്പാർട്ട്മെന്‍റ് പ്രൊഫ ഡോ പ്രദീപ് കുമാർ ആണ് ഇതിന്‍റെ വിത്ത് വികസിപ്പിച്ചെടുത്തത്. കുരുവില്ലാത്ത ഈ തണ്ണിമത്തൻ ഹൈബ്രിഡുകള്‍ കേരളത്തിൽ കൃഷി ചെയ്യാൻ ഉചിതമായ സമയം ഒക്‌ടോബർ മുതലുള്ള മാസങ്ങളാണ്.
ഒക്‌ടോബർ-നവംബർ മാസത്തിൽ വിത്തിട്ടാല്‍ ജനുവരി-ഫെബ്രുവരി മാസമാകുമ്പോഴേക്കും വിളവെടുക്കാൻ സമയമാകും. ഏറ്റവും നന്നായി പൂവിടുന്നതും രോഗ, കീട ശല്യം കുറയുന്നതും ഈ മാസങ്ങളിൽ ആണെന്ന് പ്രൊഫ ഡോ പ്രദീപ് കുമാർ പറയുന്നു.
തുറസായ സ്ഥലത്ത് തടമെടുത്തും സ്ട്രക്‌ചറിനകത്ത് കൃത്യത കൃഷി വഴിയും (പ്രെസിഷന്‍ ഫാമിങ്) തണ്ണിമത്തൻ കൃഷി ചെയ്യാം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നവർക്ക് ഏറ്റവും നല്ല കൃഷിയാണ് കുരുവില്ലാത്ത തണ്ണിമത്തൻ.
Also read: പ്രതികൂല കാലാവസ്ഥയിലും വീട്ടുവളപ്പില്‍ ഓറഞ്ച് വിളയിച്ച് ഗണേശന്‍