തൃശൂർ:തളിക്കുളം ബാറിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഏഴംഗ ക്വട്ടേഷൻ സംഘം അറസ്റ്റിൽ. അതുൽ, അജ്‌മൽ, യാസിം, അമിത്, ധനേഷ്, വിഷ്‌ണു, അമൽ എന്നിവരാണ് അറസ്റ്റിലായത്. ബാർ ജീവനക്കാർ ഉടമക്കെതിരെ നൽകിയ ക്വട്ടേഷനാണ് അക്രമമെന്ന് പൊലീസ് അറിയിച്ചു.
കൊലപാതകം നടന്ന തളിക്കുളം ബാറിന്‍റെ ദൃശ്യം ബില്ലിലെ തിരിമറി ബാറുടമ കണ്ടുപിടിച്ചതിലെ വൈരാഗ്യമാണ് അക്രമ കാരണം. അറസ്റ്റിലായവർ നിരവധി ക്രിമിനൽ-കഞ്ചാവ് കേസുകളിൽ പ്രതികളാണ്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കണ്ടെത്തി.
തളിക്കുളം പുത്തൻതോട് സെൻട്രൽ റസിഡൻസി ബാറിൽ ചൊവ്വാഴ്‌ച രാത്രി 9.45 ഓടെയാണ് സംഭവം. ക്വട്ടേഷൻ സംഘത്തിന്‍റെ ആക്രമണത്തിൽ പെരിഞ്ഞനം ചക്കരപ്പാടം സ്വദേശി ബൈജുവാണ് കൊല്ലപ്പെട്ടത്. ബാറുടമ കൃഷ്‌ണരാജിന് ഗുരുതരമായി പരിക്കേറ്റു.
ബൈജുവിന്‍റെ സുഹൃത്ത് അനന്തുവിനും കുത്തേറ്റു. ബില്ലിൽ കൃത്രിമം കാണിച്ചതിന് ഒരു ജീവനക്കാരനെ ബാറുടമ പിരിച്ചുവിട്ടിരുന്നു. ഇതേച്ചൊല്ലി ജീവനക്കാരും ബാറുടമയും തമ്മിൽ വഴക്കുണ്ടായി. പ്രശ്‌നത്തിൽ ഇടപെടാൻ ബൈജുവിനെയും സുഹൃത്തിനേയും ബാറുടമ വിളിച്ചുവരുത്തിയതായിരുന്നു.
ജീവനക്കാരുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഒരു ജീവനക്കാരൻ ക്വട്ടേഷൻ സംഘത്തെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.