തൃശൂര്‍: കുതിരാൻ തുരങ്കത്തിൽ നാശനഷ്‌ടമുണ്ടാക്കിയ ലോറി പൊലീസ് പിടികൂടി. ദേശീയപാത നിർമാണത്തിന് കരാറുള്ള ഇരുമ്പുപാലം സ്വദേശിയുടേതാണ് ലോറി. പീച്ചി പൊലീസാണ് ലോറി കസ്റ്റഡിയിലെടുത്തത്. പിൻഭാഗം ഉയർത്തി ഓടിച്ചാണ് തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകർത്തത്.
വ്യാഴാഴ്‌ച രാത്രി 8.50ന് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടോറസ് ലോറി ബക്കറ്റ് ഉയര്‍ത്തി വച്ച് കുതിരാന്‍ ഒന്നാം തുരങ്കത്തിലൂടെ കടന്നു പോകവെയാണ് അപകമുണ്ടായത്. 90 മീറ്റര്‍ ദൂരത്തിലെ 104 ലൈറ്റുകളും പാനലുകള്‍, 10 സുരക്ഷ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നിരുന്നു.
ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്‍റെ ശബ്‌ദം കേട്ട് ലോറി നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയുമായിരുന്നു. 10 ലക്ഷം രൂപയുടെ നാശനഷ്‌ടം ഉണ്ടായെന്നാണ് കണക്കാക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.
അതേസമയം, രണ്ടാം തുരങ്കം കഴിഞ്ഞ ദിവസം തുറന്നതോടെ ഒന്നാം തുരങ്കത്തിലെ ഗതാഗത കുരുക്ക് കുറഞ്ഞിട്ടുണ്ട്. ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ബാരിക്കേഡ് വെച്ച് ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.
Read more: Kuthiran Tunnel Accident; കുതിരാന്‍ തുരങ്കത്തില്‍ ടോറസ് ലോറി ഇടിച്ചു കയറ്റി; 104 ലൈറ്റുകളും ക്യാമറകളും തകര്‍ന്നു