തൃശൂര്‍: കൊവിഡ് പ്രതിരോധത്തിനായി സംസ്ഥാനം ഒറ്റക്കെട്ടായി പോരാടുമ്പോള്‍ സഹായവുമായി വ്യവസായി എംഎ യൂസഫലി. നാട്ടികയിലെ ലുലു ഗ്രൂപ്പിന്‍റെ കെട്ടിടം കൊവിഡ് കെയര്‍ സെന്‍ററാക്കാൻ വിട്ടു നല്‍കാനാണ് യൂസഫലിയുടെ തീരുമാനം. പദ്ധതി യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് കെയര്‍ സെന്‍ററായി ഇത് മാറും. മുമ്പ് കോട്ടണ്‍ മില്ലായി പ്രവര്‍ത്തിച്ച കെട്ടിടം യൂസഫലിയുടെ സ്ഥാപനങ്ങളിലേക്കുള്ള തൊഴില്‍ റിക്രൂട്ട്‌മെന്‍റ് കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തെ കൊവിഡ് പ്രതിരോധത്തിനും ചികിത്സക്കുമുള്ള സംസ്ഥാനത്തെ ഏറ്റവും മികച്ച കേന്ദ്രമാക്കി മാറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് സ്ഥലം സന്ദര്‍ശിച്ച മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു.
തൃശൂരില്‍ ഒരുങ്ങുന്നു, സംസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് കെയര്‍ സെന്‍റർ - ലുലു ഗ്രൂപ്പ്
നാട്ടികയിലെ ലുലു ഗ്രൂപ്പിന്‍റെ കെട്ടിടം കൊവിഡ് കെയര്‍ സെന്‍ററാക്കാൻ വിട്ടു നല്‍കാൻ വ്യവസായി എംഎ യൂസഫലി സന്നദ്ധത അറിയിച്ചു. മന്ത്രി എ.സി മൊയ്തീന്‍ സ്ഥലം സന്ദര്‍ശിച്ചു.
ഇവിടം കൊവിഡ് കെയര്‍ സെന്‍ററാക്കുന്നതിന്‍റെ ഭാഗമായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ശുചിമുറി സംവിധാനങ്ങളുള്‍പ്പെടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉടന്‍ ഇവിടെ സജ്ജമാക്കും. യുദ്ധകാലാടിസ്ഥാനത്തില്‍ കോട്ടണ്‍ മില്‍ കെട്ടിടത്തെ കൊവിഡ് കെയര്‍ സെന്‍ററാക്കി മാറ്റുമെന്ന് മന്ത്രിക്കൊപ്പം സ്ഥലം സന്ദര്‍ശിച്ച കലക്ടര്‍ എസ്. ഷാനവാസ് വ്യക്തമാക്കി. എഞ്ചിനീയറിങ്, മെഡിക്കല്‍ വിഭാഗങ്ങളിലുള്ള ഉദ്യോഗസ്ഥര്‍ കെട്ടിടം ഏറ്റവും മികച്ച നിലയില്‍ എങ്ങനെ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നതിനുള്ള പ്ലാന്‍ തയ്യാറാക്കും.