തൃശ്ശൂർ: തളരാത്ത സമരവീര്യവുമായി കുഞ്ഞാലിപ്പാറക്കാരുടെ ക്വാറി വിരുദ്ധ സമരത്തിന് ഒരു വയസ്. സമരത്തിന്‍റെ ഒന്നാം വാര്‍ഷികത്തിൽ വീടുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളേന്തി നിന്നാണ് നാട്ടുകാര്‍ പ്രതിഷേധത്തില്‍ കണ്ണികളായത്. മറ്റത്തൂര്‍ കുഞ്ഞാലിപ്പാറയിലെ സ്വകാര്യ ക്രഷറും ക്വാറിയും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. കോടശേരി മലയോരത്തെ കുന്നിനു മുകളില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിക്കും ക്രഷറിനുമെതിരെ കുഞ്ഞാലിപ്പാറ സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് സമരം തുടങ്ങിയത്. കവളപ്പാറ-പുത്തുമല ദുരന്തങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു സമരപ്രഖ്യാപനം.
കുഞ്ഞാലിപ്പാറ ക്വാറി വിരുദ്ധ സമരത്തിന് ഒരാണ്ട് - ക്വാറി വിരുദ്ധ സമരത്തിന് ഒരു വയസ്
കവളപ്പാറ-പുത്തുമല ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വകാര്യ ക്രഷറും ക്വാറിയും അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരം ആരംഭിച്ചത്. സമരത്തിന്‍റെ ഒന്നാം വാർഷികത്തിൽ കൊവിഡ് വ്യാപനം പരിഗണിച്ച് വീടുകള്‍ക്ക് മുന്നില്‍ പ്ലക്കാര്‍ഡുകളേന്തി നിന്നാണ് സമര സമിതി അംഗങ്ങൾ പ്രതിഷേധിച്ചത്.
കൊവിഡ് വ്യാപന ഭീതിയെ തുടര്‍ന്ന് ഏതാനും മാസങ്ങളായി കുത്തിയിരിപ്പ് സമരം താല്‍കാലികമായി അവസാനിപ്പിച്ചിരുന്നു. ഇതോടെയാണ് സമരത്തിന്‍റെ ഒന്നാം വാര്‍ഷികത്തില്‍ വീടുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചത്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് അവിട്ടപ്പിള്ളി, മൂന്നുമുറി, കുഞ്ഞാലിപ്പാറ, ഒമ്പതുങ്ങല്‍ പ്രദേശവാസികളാണ് അവരവരുടെ വീടുകള്‍ക്കു മുന്നില്‍ പ്ലക്കാര്‍ഡുകളേന്തിയത്.
നേരത്തെ വിവിധ രാഷ്ടീയ കക്ഷികളും സാമുദായിക സാംസ്‌കാരിക സംഘടനകളും സമരത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നിരുന്നു. മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ്, ടി.എന്‍.പ്രതാപന്‍ എം.പി, പി.സി.ജോര്‍ജ് എം.എല്‍.എ, സംസ്ഥാന വനിത കമ്മിഷന്‍ ചെയര്‍പേഴ്സണ്‍ എം.സി.ജോസഫൈന്‍, കെ.വേണു, സി.ആര്‍.നീലകണ്ഠന്‍ തുടങ്ങി നിരവധി പേര്‍ സമരപന്തലിലെത്തിയിരുന്നു. ചെറുതും വലുതുമായ നൂറോളം സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ ദിവസങ്ങളിലായി സമരപന്തലിലേക്ക് ഐക്യദാര്‍ഢ്യ പ്രകടനവും നടത്തിയിരുന്നു. സമരസമിതി നല്‍കിയ പരാതികളുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനയും അന്വേഷണവും നടത്തി. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സമിതിയും കുഞ്ഞാലിപ്പാറ സന്ദര്‍ശിച്ചിരുന്നു.