തൃശൂർ :വധു ഒഴികെ ആരും ക്യാമറ കണ്ടില്ല. കളര്‍ഫുള്‍ കല്യാണപ്പടം സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. പിന്നാലെ പടം പിടിച്ച ഫോട്ടോഗ്രാഫറെ തേടി അന്താരാഷ്‌ട്ര പുരസ്‌കാരവും. ഒരു കല്യാണപ്പടത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ സന്തോഷത്തിലാണ് തൃശൂർ സ്വദേശി അനൂപ് കൃഷ്‌ണ.
മുള്ളൂര്‍ക്കരയിലെ ബന്ധുവിന്‍റെ വിവാഹത്തിന് ഫോട്ടോയെടുക്കാന്‍ പോയതാണ് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറായ അനൂപ് കൃഷ്‌ണ. വധു ഒഴികെ ആരും ക്യാമറയിലേക്ക് ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടപ്പോള്‍ പെട്ടെന്നൊരു ക്ലിക്ക്. വിവാഹത്തിന്‍റെ തിരക്കുകളില്‍ മുഴുകിയ മറ്റുള്ളവർക്ക് നടുവില്‍ ക്യാമറ കണ്ണിലേക്ക് നോക്കി വധു.
വൈറലായ കല്ല്യാണപ്പടത്തിന് അന്താരാഷ്‌ട്ര പുരസ്‌കാരം സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായ ആ വൈറൽ ക്ലിക്കിനെ തേടി പിന്നാലെ അന്താരാഷ്‌ട്ര പുരസ്‌കാരവുമെത്തി. ഹൈദരാബാദില്‍ നടന്ന ഇന്ത്യന്‍ ഫോട്ടോഫെസ്റ്റ് 2022 എന്ന അന്താരാഷ്‌ട്ര മത്സരത്തിലേക്ക് അനൂപ് കൃഷ്‌ണ ചിത്രം അയച്ചിരുന്നു. 85 രാജ്യങ്ങളില്‍ നിന്നായി നാലായിരത്തിലധികം ഫോട്ടോഗ്രാഫര്‍മാരാണ് എട്ട് വിഭാഗങ്ങളിലായി മത്സരത്തില്‍ പങ്കെടുത്തത്.
ഇതില്‍ വെഡ്ഡിങ് വിഭാഗത്തിലാണ് അനൂപ് കൃഷ്‌ണയുടെ കല്യാണപ്പടം ഒന്നാം സ്ഥാനം നേടിയത്. നാഷണല്‍ ജോഗ്രഫി ഫോട്ടോ എഡിറ്റര്‍ ഡൊമിനിക് ഹില്‍ഡ, കാലിഫോര്‍ണിയ നാച്വര്‍ ഫോട്ടോഗ്രാഫര്‍ സപ്‌ന റെഡ്ഡി, നാഷണല്‍ ജോഗ്രഫി ഫോട്ടോഗ്രാഫര്‍ പ്രിസണ്‍ചിത് യാദവ്, വിനീത് വോഹ്ര, മനോജ് യാദവ്, പൊട്രിയ വെന്കി എന്നിവര്‍ അടങ്ങിയ ജൂറിയാണ് ചിത്രം തിരഞ്ഞെടുത്തത്.
ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിന് പുറമേ ഒരു ലക്ഷം രൂപയും ഒരു ലക്ഷത്തിന്‍റെ ഫോട്ടോഗ്രാഫി ഉപകരണങ്ങളും സമ്മാനമായി അനൂപ് കൃഷ്‌ണയ്ക്ക് ലഭിച്ചു. മത്സരത്തിലെ ചീഫ് ജൂറിയായിരുന്ന പ്രശസ്‌ത ഫോട്ടോഗ്രാഫർ രഘുറായ് പുരസ്‌കാരം നല്‍കിയതോടെ വിജയത്തിന് ഇരട്ടി മധുരം.