തൃശൂര്‍: മിനിമം ബസ് നിരക്ക് 12 രൂപയായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് ചൊവ്വാഴ്‌ച മുതൽ സ്വകാര്യ ബസ് ഉടമകൾ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിൽ പങ്കെടുക്കില്ലെന്ന് സ്വകാര്യ ബസ് ഉടമ സംരക്ഷണ സമിതി. സർക്കാരിനെ വെല്ലുവിളിച്ചുള്ള സമരത്തിനില്ലെന്ന് സംഘടന വ്യക്തമാക്കി. സംസ്ഥാനത്ത് 1,500 ബസുകൾ സമരത്തിൽ നിന്ന് വിട്ടു നിൽകുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.
സ്വകാര്യ ബസ് മേഖലയുടെ സംരക്ഷണത്തിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്കും ഗതാഗതമന്ത്രിയ്ക്കും സംഘടന നിവേദനം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നികുതി അടയ്ക്കാനുള്ള സമയം ഡിസംബർ വരെ നീട്ടി നൽകുകയും ജിപിഎസ് ഘടിപ്പിക്കുന്നതിന് സാവകാശം നൽകുകയും ചെയ്‌തിട്ടുണ്ട്. ചാർജ് വർധനവ് അടക്കമുള്ള കാര്യങ്ങൾ ആലോചിച്ച് നടപ്പിലാക്കാമെന്ന ഉറപ്പും സർക്കാർ നൽകിയിട്ടുണ്ട്.