കേരളം

kerala

ETV Bharat / city

ചക്ക ഇനി സീസണിലല്ല; നൂതന കൃഷിരീതിയുമായി തൃശ്ശൂരിലെ കർഷകൻ

തൃശ്ശൂരിലെ 'ആയുർ ജാക്ക്' ഫാമിലാണ് വർഷത്തിൽ 365 ദിവസവും ചക്ക ലഭ്യമാകുന്ന കൃഷിരീതിക്ക് വർഗീസ് തരകനെന്ന കർഷകൻ തുടക്കം കുറിച്ചിരിക്കുന്നത്. വീപ്പക്കുള്ളിലും കൃഷി ചെയ്യാം എന്നത് ചക്ക പ്രേമികൾക്ക് ആയുർജാക്ക് പ്ലാവിനെ പ്രിയതരമാക്കുന്നു.

വർഗീസ് തരകൻ

By

Published : Mar 21, 2019, 10:43 AM IST

ചക്കയും മാങ്ങയുമൊക്കെ വർഷത്തിൽ മൂന്നു മാസമെന്ന പരമ്പരാഗത രീതിയെ മാറ്റി മറിച്ചിരിക്കുകയാണ്‌ വർഗീസ് തരകനെന്ന കൃഷിക്കാരൻ. തൃശ്ശൂരിലെ തന്‍റെ'ആയുർ ജാക്ക്' ഫാമിൽ വർഷത്തിൽ 365 ദിവസവും ചക്ക ലഭ്യമാകുന്ന കൃഷിരീതിയാണ് തരകൻ സാധ്യമാക്കിയിരിക്കുന്നത്.

സാധാരണ ഒരു റബ്ബർ കർഷകനായിരുന്ന വർഗീസ് തരകനെന്ന തൃശ്ശൂർക്കാരനെ തന്‍റെ അഞ്ച് ഏക്കർ റബ്ബർ വെട്ടി പ്ലാവ് വെക്കാൻ പ്രേരിപ്പിച്ചത് റബ്ബറിന് സംഭവിച്ച വിലയിടിവായിരുന്നു. അത് കൊണ്ടെത്തിച്ചതാകട്ടെ കേരളത്തിൽ ചക്ക വിപ്ലവം സൃഷ്ടിക്കാനുള്ള തരകന്‍റെ ദൗത്യത്തിലേക്കായിരുന്നു. മാത്രമല്ല ഈ വർഷത്തെ സംസ്‌ഥാന സർക്കാരിന്‍റെ ക്ഷോണി മിത്ര പുരസ്ക്കാരവും, വഫാ പുരസ്‌കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടതും ചക്ക കൃഷികൊണ്ട് തന്നെ.

ഇപ്പോൾ ആയിരത്തിലധികം പ്ലാവുകളാണ് തരകന്‍റെ അഞ്ച് ഏക്കർ തോട്ടത്തിൽ തലയുയർത്തി നിൽക്കുന്നത്. നട്ടുപിടിപ്പിച്ച് നാലുമാസം മുതൽ ഒന്നര വർഷത്തിനുള്ളിൽ ഫലം തരും എന്നതിനാൽ ധാരാളം കർഷകരാണ് പ്ലാവിൻ തൈകൾക്കായി തൃശൂർ കുറുമാൽ കുന്നിലെ ആയുർ ജാക്ക് ഫാമിലേക്കെത്തുന്നത്.

ചക്ക ഫാം

ഒരു കാലത്ത് കടുത്ത ജലക്ഷാമം നേരിട്ടിരുന്ന കുറുമാൽകുന്ന് പ്രദേശത്ത് തന്‍റെ പ്ലാവ് കൃഷിക്ക് ശേഷം ജലക്ഷാമം നേരിട്ടിട്ടില്ലെന്ന് വർഗീസ് തരകൻ അവകാശപ്പെടുന്നു. പൊക്കം കുറവായതുകൊണ്ടും മറ്റു പ്ലാവുകളെപ്പോലെ വേരുകൾ പടരില്ല എന്നതുകൊണ്ടും ചെറിയ വീട്ടുവളപ്പിലും, നഗരവാസികൾക്ക് വീപ്പക്കുള്ളിലും കൃഷി ചെയ്യാം എന്നത് ചക്ക പ്രേമികൾക്ക് ആയുർജാക്ക് പ്ലാവിനെ പ്രിയതരമാക്കുന്നു. സമൂഹമാധ്യമങ്ങളിൽ നിന്നും ഫാമിനെപ്പറ്റിയറിഞ്ഞ് നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്.

മലയാളികൾ മറന്ന തനതു ഭക്ഷണ വസ്തുവായ ചക്ക കേരളത്തിന്‍റെ ഔദ്യോഗിക ഫലമായതോടെ പുതിയ ഒരു മാനം കൈവന്നിട്ടുണ്ട്. വർഗീസ് തരകനെപ്പോലെയുള്ള ഒരുപറ്റം കൃഷിക്കാരുടെ ആത്മാർഥമായ പരിശ്രമത്തിന്‍റെ ഫലമാണ് ഇന്ന് ചക്കക്ക് ലഭിക്കുന്ന ഈ സ്വീകാര്യതയും അംഗീകാരങ്ങളുമെന്നത് തർക്കത്തിനിടയില്ലാത്ത വസ്തുതയാണ്.

ABOUT THE AUTHOR

...view details