ഗുരുവായൂര്‍: ഗുരുവായൂര്‍-താനൂര്‍ റെയില്‍പാത നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധം തുടരുന്നു. സ്ഥലം നല്‍കിയാല്‍ പാത നീട്ടാമെന്ന് റെയില്‍വേ അറിയിച്ചെങ്കിലും സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കല്‍ നടപടി വൈകിപ്പിക്കുന്നതാണ് പദ്ധതി അവതാളത്തിലാവാന്‍ കാരണം. റെയില്‍പാത വികസനത്തിനായി തൃശ്ശൂര്‍ ജില്ലയിലെ ഭൂമി ഏറ്റെടുത്തെങ്കിലും മലപ്പുറത്ത് പ്രതിഷേധത്തെ തുടര്‍ന്ന് ഏറ്റെടുക്കല്‍ നടപടി അവസാനിപ്പിച്ചു. ഇതോടെ ഗുരുവായൂരിന്‍റെ വന്‍ വികസന സാധ്യതക്കാണ് തിരശീല വീണത്.
ഗുരുവായൂര്‍-താനൂര്‍ റെയില്‍പാത പാതിവഴിയില്‍
വഴിയടഞ്ഞത് ഗുരുവായൂരിന്‍റെ വികസന സാധ്യതകള്‍ക്ക്. പാത യാഥാർഥ്യമാക്കിയില്ലെങ്കിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാര്‍.
അതേസമയം ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി പാത യാഥാർഥ്യമാക്കിയില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകാനാണ് ഗുരുവായൂരിലെ വിവിധ സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്. ഗുരുവായൂര്‍-താനൂര്‍ റെയില്‍പാത യാഥാര്‍ഥ്യമാകുന്നതോടെ തെക്കന്‍ ജില്ലകളില്‍ നിന്ന് മലബാറിലേക്കുള്ള യാത്ര എളുപ്പമാകും. കൊടുങ്ങല്ലൂര്‍ വഴി ഇടപ്പള്ളിയിലേക്ക് പാത നീണ്ടാല്‍ അത് വ്യാവസായികരംഗത്തും കുതിപ്പ് പകരും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നടക്കം ഗുരുവായൂരിലേക്ക് എത്തുന്ന ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ക്ക് ഏറെ പ്രയോജനകരമാകും ഈ പാത.