തൃശൂര്‍: മുക്കുപണ്ടം പണയംവച്ച് ലക്ഷങ്ങൾ തട്ടിയ സ്ത്രീകൾ ഉൾപ്പെട്ട അഞ്ചംഗ സംഘം പിടിയിൽ. തൃശൂർ വലപ്പാട് ചന്തപ്പടിയിൽ പ്രവർത്തിക്കുന്ന മൈനാകം പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്ന് എട്ടു തവണയായി എട്ട് ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്.നടി മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.ലാലൂർ സ്വദേശി ചെറുപറമ്പിൽ സിന്ധു, തലാപ്പിള്ളി സ്വദേശി റോഷ്‌നി, കണ്ടശാംകടവ് സ്വദേശി നിഷ, അരിമ്പൂർ സ്വദേശി അഖിൽ ബാബു, നെടുപുഴ സ്വദേശി താഴത്ത് വീട്ടിൽ സന്തോഷ് എന്നിവരാണ് അറസ്റ്റിലായത്.
മുക്കുപണ്ടം പണയംവച്ച് എട്ട് ലക്ഷത്തിന്‍റെ തട്ടിപ്പ്; അഞ്ച് പേര്‍ അറസ്‌റ്റില്‍ - കേരള പൊലീസ് വാര്‍ത്തകള്‍
നടി മഞ്ജു വാര്യരുടെ പിതാവ് മാധവ വാര്യരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തട്ടിപ്പ് നടന്നത്.
കഴിഞ്ഞ മാർച്ച് ഇരുപത് മുതലാണ് സ്ഥാപനത്തിലെത്തി സംഘം തട്ടിപ്പ് തുടങ്ങുന്നത്. എട്ടു തവണകളായി ഓരോ മുക്കുപണ്ടം പണയം വച്ച് ഇവർ കൈക്കലാക്കിയിരുന്നത് ഓരോലക്ഷം രൂപ വീതമാണ്. കഴിഞ്ഞ ദിവസം മറ്റൊരു മുക്കുപണ്ടം പണയം വയ്‌ക്കാനുണ്ടെന്ന് സംഘാംഗം അറിയിച്ചതാണ് വഴിത്തിരിവായത്. സ്ഥാപനത്തിന്‍റെ മാനേജർ ഈ വിവരം വലപ്പാട് പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് നിർദ്ദേശപ്രകാരം മാനേജർ സംഘത്തെ സ്ഥാപനത്തിൽ വിളിച്ചു വരുത്തി. പൊലീസ് സംഘം ചോദ്യം ചെയ്തതോടെ സംഭവം തട്ടിപ്പെന്ന് വ്യക്തമായി. ഇതിനിടെ അപ്രൈസറെത്തി പരിശോധിച്ചപ്പോൾ പണയം വെച്ച ആഭരണങ്ങൾ വ്യാജമെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു. ഇതോടെ അഞ്ചംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികളിൽ സ്വർണാഭരണ നിർമാണത്തിൽ പരിചയമുള്ള അഖിലാണ് തൃശൂർ ടൗണിലെ വി.എൻ.വി ഗോൾഡെന്ന സ്ഥാപനത്തിൽ നിന്ന് ഗ്യാരണ്ടിയുള്ള ആഭരണങ്ങൾ വാങ്ങിയിരുന്നത്. വാങ്ങിയ ആഭരണം കൈവശമുള്ള 916 സീൽ ഉപയോഗിച്ച് പഞ്ച് ചെയ്താണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. പൊലീസ് നടത്തിയ തെളിവെടുപ്പിൽ സീൽ കണ്ടെടുത്തിട്ടുണ്ട്. തട്ടിപ്പ് സംഘത്തിലെ ഒളിവിലുള്ള രണ്ട് സ്ത്രീകളെ പിടികൂടാനുള്ള നീക്കത്തിലാണ് വലപ്പാട് പൊലീസ്.