തൃശൂർ: കൊവിഡ് വ്യാപന സാഹചര്യത്തിൽ നഗരം അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചു. ശക്തൻമാർക്കറ്റ്, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, കെ.എസ്.ആർ.ടി.സി. സ്റ്റാൻഡ്, വ്യാപാരസ്ഥാപനങ്ങൾ എന്നിവ ഉൾപ്പെട്ട തേക്കിൻകാട്, പള്ളിക്കുളം, കൊക്കാല വാർഡുകളിലാണ് അതിനിയന്ത്രണം. അതിതീവ്ര മേഖലയായി പ്രഖ്യാപിച്ച തൃശ്ശൂർ നഗരത്തിൽ പൊലീസ് റൂട്ട് മാർച്ച് നടത്തി. ഏഴ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ച തൃശ്ശൂർ കോർപ്പറേഷൻ ഓഫീസ് ഉൾപ്പെടെ നിയന്ത്രണ മേഖലയിൽ ഉണ്ട്. കോൺഗ്രസ്, സി.പി.എം., സി.പി.ഐ, ബി.ജെ.പി. തുടങ്ങിയ രാഷ്ട്രീയപാർട്ടികളുടെ ഓഫീസും ഈ മേഖലയിലാണ്. ഇവ ഉൾപ്പെടെ 12 വാർഡുകളാണ് അതിനിയന്ത്രണ മേഖലയിലുള്ളത്. കൊവിഡ് വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന്‍റെ നടപടി.
തൃശ്ശൂർ സിറ്റിയില്‍ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്. അവശ്യസർവീസുകൾ മാത്രമേ അനുവദിക്കു. കൊവിഡ് വ്യാപനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ നടപടി. മെഡിക്കൽ ആവശ്യങ്ങൾ, അവശ്യസാധനങ്ങളുടെ വിതരണം എന്നിവയ്‌ക്കൊഴികെയുള്ള സഞ്ചാരത്തിന് നിയന്ത്രണമുണ്ട്.