തൃശൂർ: മഴ ശക്തമായതോടെ മനോഹരിയായി അതിരപ്പിള്ളി വെള്ളച്ചാട്ടം. വെള്ളം കുറഞ്ഞതോടെ ഇടയ്‌ക്ക് നേർത്ത നൂല് പോലെ മാത്രം ഒഴുകിയിരുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം ഇപ്പോള്‍ അതിന്‍റെ സൗന്ദര്യം പൂര്‍ണമായും വീണ്ടെടുത്തു കഴിഞ്ഞു. നിറഞ്ഞ് ഒഴുകി താഴേയ്‌ക്ക് പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ നിരവധി സന്ദർശകരും ഇവിടേക്ക് എത്തി തുടങ്ങി.
നിറഞ്ഞൊഴുകി അതിരപ്പിള്ളി, ഒഴുകിയെത്തി സഞ്ചാരികൾ; മനം മയക്കും ദൃശ്യങ്ങൾ
കഴിഞ്ഞ ദിവസങ്ങളിലായി പെയ്‌ത ശക്തമായ മഴയിലാണ് വെള്ളച്ചാട്ടം അതിന്‍റെ പൂർണതയില്‍ എത്തി നിറഞ്ഞ് കവിഞ്ഞ് ഒഴുകി തുടങ്ങിയത്
കൊവിഡ് അടച്ചിടലിന് പിന്നാലെ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് അതിരപ്പിള്ളി സഞ്ചാരികൾക്കായി തുറക്കുന്നത്. ആ സമയത്ത് വെള്ളത്തിന്‍റെ ശക്തി കുറവായതിനാല്‍ സൗന്ദര്യക്കാഴ്‌ച നഷ്‌ടപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി പെയ്‌ത ശക്തമായ മഴയിൽ വെള്ളച്ചാട്ടം വീണ്ടും അതിന്‍റെ വശ്യത വീണ്ടെടുക്കുകയായിരുന്നു.
പ്രകൃതിയുടെ ശക്തിയും മനോഹാരിതയും ഒത്തുചേരുന്ന ഈ വെള്ളച്ചാട്ടം ഏറ്റവും അടുത്തുനിന്ന് കാണാനാവുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. അതിരപ്പിള്ളി വനമേഖലയിൽ ശക്തമായ മഴയാണ് സമീപ ദിവസങ്ങളിൽ ലഭിച്ചത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പൊരിങ്ങൽക്കുത്ത് ഡാമിന്‍റെ സ്‌ളൂവീസ് വാൽവ് തുറന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുകുകയാണ്.