തൃശൂർ: ജില്ലയിലെ വലിയ കുളങ്ങളിലൊന്നായ അന്തിക്കാട് കുളം അണിഞ്ഞൊരുങ്ങുന്നു. നാലേക്കർ വിസ്തൃതിയുള്ള കുളം കൂടുതൽ സൗകര്യങ്ങളും ജലസമൃദ്ധിയും പകർന്നാണ് അണിഞ്ഞൊരുങ്ങുന്നത്. നാല് ഏക്കർ വിസ്തൃതിയുള്ള അന്തിക്കാട് ശ്രീകാർത്യായനി ഭഗവതി ക്ഷേത്ര കുളമാണ് അന്തിക്കാട്ട് കുളം എന്നറിയപ്പെടുന്നത്. മുൻ കാലത്ത് സമൃദ്ധമായി ജലം സംഭരിച്ചിരുന്ന കുളം കഴിഞ്ഞ കുറേക്കാലമായി ജീർണാവസ്ഥയിലായിരുന്നു. സംസ്ഥാന കൃഷിവകുപ്പിന്‍റെയും അന്തിക്കാട് ഗ്രാമ പഞ്ചായത്തിന്‍റെയും സഹകരണത്തോടെ ഒരു കോടി മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് കുളം നവീകരിക്കുകയായിരുന്നു.
പ്രതാപം വീണ്ടെടുത്ത് അന്തിക്കാട് കുളം - തൃശൂര്‍ വാര്‍ത്തകള്‍
സംസ്ഥാന കൃഷിവകുപ്പിന്‍റെയും അന്തിക്കാട് ഗ്രാമ പഞ്ചായത്തിന്‍റെയും സഹകരണത്തോടെ ഒരു കോടി മൂന്ന് ലക്ഷം രൂപ ചിലവഴിച്ച് കുളം നവീകരിച്ചു.
പ്രദേശവാസികളുടെ ആരോഗ്യ സംരക്ഷണത്തിനായി കുളത്തിന്‍റെ മൂന്ന് ഭാഗത്തും പ്രഭാത സവാരിക്കായി ആധുനീക നടപ്പാത, നീന്തൽ പഠിക്കുന്നതിനും, കുളിക്കുന്നതിനും സൗകര്യം, ഓപ്പൺ ജിം, വൈഫൈ ഏരിയ, വടംവലി, സൈക്കിളിങ്, സ്കേറ്റിങ്, കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുൾപ്പടെ സൗകര്യം, എന്നിങ്ങനെ വിവിധ സംവിധാനങ്ങളാണ് കുളത്തിനോടനുബന്ധിച്ചു ഒരുക്കിയിരിക്കുന്നത്.
കുളത്തിന് ചുറ്റും നിശ്ചിത ദൂരത്തിൽ ആധുനീകരീതിയിലുള്ള നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുകയും അവയെ അന്തിക്കാട് പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നത്തിനും പദ്ധതിയുണ്ട്. മുൻ തലമുറകൾ തിമിർത്ത് ഉപയോഗിച്ച് കേട് കൂടാതെ ഈ തലമുറയെ ഏൽപ്പിച്ച അന്തിക്കാട് കുളം അതിമനോഹരമാക്കി വരുന്ന തലമുറയെ ഏൽപ്പിക്കുക എന്ന ദൗത്യമാണ് കുളം നവീകരണത്തിലൂടെ ചെയ്തിരിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. രാജഭരണ കാലം മുതൽ കടുത്ത വേനലിൽ പോലും വറ്റാതെ നില നിൽക്കുന്ന കുളത്തെ കൃഷിക്കും കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന അന്തിക്കാട് പ്രദേശം നിലവിൽ അന്തിക്കാട് ലിഫ്റ്റ് ഇറിഗേഷനുമായും,പഞ്ചായത്തിലെ മൂന്ന് വാർഡുകളിലെ ജലസേചന പദ്ധതികളുമായും ബന്ധിപ്പിച്ചിട്ടുണ്ട്.