തൃശൂര്‍: ആരോപണങ്ങള്‍ ഉന്നയിച്ച് ലൈഫ് മിഷൻ പദ്ധതി ഇല്ലാതാക്കരുതെന്നാവശ്യപ്പെട്ട് അനിൽ അക്കര എംഎൽഎക്കെതിരെ പെണ്‍കുട്ടിയുടെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണം. പിന്നാലെ പെണ്‍കുട്ടി ആരെന്ന് അന്വേഷിച്ച് എംഎല്‍എയും രമ്യ ഹരിദാസ് എംപിയും രംഗത്തിറങ്ങി. എന്നാല്‍ ആരാണ് പരാതിക്കാരിയെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. ഒടുവില്‍ കുട്ടിയും അമ്മയും ഏതു സമയത്ത് വന്നാലും സഹായിക്കുമെന്നും വീടുവച്ചു കൊടുക്കുമെന്നും ഉറപ്പു നൽകി ജനപ്രതിനിധികൾ മടങ്ങി.
ലൈഫ് മിഷന്‍ പദ്ധതി പൊളിക്കരുതെന്ന് ആവശ്യം; പരാതിക്കാരിയെ തേടി അനില്‍ അക്കര - അനില്‍ അക്കര ലൈഫ് മിഷൻ
പരാതി ഉന്നയിച്ച പെണ്‍കുട്ടിയെ അന്വേഷിച്ച് മങ്കരയിൽ രണ്ട് മണിക്കൂർ റോഡരികിൽ കാത്തിരുന്നെങ്കിലും ആരും വന്നില്ല.
"പുറമ്പോക്കിൽ താമസിക്കുന്ന ദരിദ്രയായ താനും അമ്മയും ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ട വടക്കാഞ്ചേരി ഫ്ലാറ്റിൽ അപേക്ഷിച്ചിട്ടുണ്ട്. ദയവു ചെയ്തു വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിനെതിരെ ആരോപണം ഉന്നയിച്ച് അതു പൊളിക്കരുത്" - നീതു ജോണ്‍സൻ എന്ന പ്ലസ് ടു വിദ്യാർഥിനി എഴുതി എന്നു പറയുന്ന കത്താണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സ്ഥലത്തെ കോൺഗ്രസ് കൗൺസിലര്‍ സൈറാ ബാനുവിന്‍റെ പേരും ഈ കുട്ടിയുടെ പേരിലിട്ട പോസ്റ്റിലുണ്ട്. ഇതു വ്യാപകമായി സിപിഎം അനുകൂല ഗ്രൂപ്പുകൾ ഷെയർ ചെയ്തിരുന്നു. കുട്ടി വടക്കാഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിൽ പഠിക്കുന്നുവെന്നാണു പരാതിയിലുണ്ടായിരുന്നത്. എന്നാൽ ആ പേരിലൊരു കുട്ടി ഈ സ്കൂളിൽ പഠിക്കുന്നില്ലെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കുട്ടിയെ കണ്ടെത്താനാകാതെ വന്നതോടെയാണ് നീതു ജോൺസന്‍റെ വിലാസത്തിലെ സ്ഥലമായ മങ്കരയിൽ രണ്ട് മണിക്കൂർ റോഡരികിൽ കാത്തിരിക്കുമെന്നു അനിൽ പ്രഖ്യാപിച്ചത്. തുടർന്ന് ഇന്നു രാവിലെ മുതൽ അനിൽ അക്കര എംഎൽഎയും രമ്യ ഹരിദാസ് എംപിയും കോൺഗ്രസ് കൗൺസിലര്‍ സൈറാ ബാനുവും ചേർന്ന് എങ്കക്കാട് മങ്കര റോഡിൽ കാത്തിരുന്നെങ്കിലും ആരുമെത്തിയില്ല. കുട്ടിയും അമ്മയും ഇനിയും ഏതു സമയത്തുവന്നാലും സഹായിക്കുമെന്നും വീടുവച്ചു കൊടുക്കുമെന്നും പറഞ്ഞാണു അനില്‍ അക്കരെയും രമ്യാ ഹരിദാസും കാത്തിരിപ്പ് അവസാനിപ്പിച്ചത്.