തൃശ്ശൂർ: അരിമ്പൂർ ചാലാടി പഴം കോൾ, പുത്തൻകോൾ, പായിക്കോൾ മേഖലയിൽ അനധികൃതമായി മീൻ പിടിത്ത സംഘങ്ങൾക്കെതിരെ ഫിഷറീസ് വകുപ്പിന്‍റെ നടപടി. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മീൻ പിടിത്തത്തിനുപയോഗിക്കുന്ന അനധികൃത സാമഗ്രികൾ പ്രദേശത്ത് നിന്നും പിടിച്ചെടുത്തു.
അരിമ്പൂർ ചാലാടി പഴം കോൾ പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ച പത്താഴങ്ങൾ, ഊന്ന് വല എന്നിവ ഫിഷറീസ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. ഫിഷറീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ ഇവ പൊളിച്ചുനീക്കുകയും ഇവ സ്ഥാപിച്ചവർക്ക് നോട്ടീസ് നൽകുകയും ചെയ്‌തു. പ്രദേശത്ത് വർദ്ധിച്ചു വരുന്ന അനധികൃത മീൻപിടുത്ത സംഘങ്ങൾക്കെതിരെ പരമ്പരാഗത മത്സൃ തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് അരിമ്പൂർ സ്വദേശികളായ രവി, ചന്ദ്രൻ, വിനീഷ് എന്നിവർക്കെതിരെ ഫിഷറീസ് വകുപ്പ് നടപടിയെടുത്തു.
അരിമ്പൂർ ചാലാടി പഴം കോൾ പ്രദേശത്ത് അനധികൃതമായി സ്ഥാപിച്ച പത്താഴങ്ങൾ, ഊന്ന് വല എന്നിവ ഫിഷറീസ് ഉദ്യോഗസ്ഥർ നീക്കം ചെയ്തു. കാലങ്ങളായി മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ച് കൊണ്ട് നിലവിലുള്ളവ തുടരുകയും പുതിയവ സ്ഥാപിക്കുകയും ചെയ്തിരുന്നു. കേരള ഇൻലാന്‍റ് ഫിഷറീസ് അക്വ കൾച്ചർ ആക്ട് 2010 പ്രകാരം നിരോധിത മത്സ്യബന്ധന രീതികളായ പത്താഴങ്ങൾ, ഊത്തപിടുത്തം, വിഷം കലക്കൽ, കറണ്ടടിപ്പിക്കൽ എന്നിവ നിരോധിച്ചിട്ടുള്ളതാണ്. മാത്രമല്ല ജൂൺ, ജൂലൈ മാസങ്ങളിൽ മത്സ്യങ്ങളുടെ പ്രജനനകാലമാണ്. ഈ കാലയളവിൽ അംഗീകൃത മത്സ്യ തൊഴിലാളികൾക്ക് ലൈസൻസോടു കൂടി മാത്രമേ മത്സ്യം പിടിക്കുവാൻ അനുവാദമുള്ളൂ. അനധികൃത സംഘങ്ങൾക്കെതിരെ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ഫിഷറീസ് സബ് ഇൻസ്പെക്ടർ പി.എം അൻസിൽ പറഞ്ഞു.
ജില്ലയിൽ ഉപയോഗിക്കുന്ന എല്ലാ അനധികൃത മത്സ്യ ബന്ധന രീതികളും ഉപേക്ഷിക്കേണ്ടതാണെന്നും അല്ലാത്തപക്ഷം കനത്ത നടപടികൾ സ്വീകരിക്കുമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ പ്രത്യേക നിർദേശം നിലവിലുണ്ട്. അസിസ്റ്റന്‍റുമാരായ രാംകുമാർ, അനീഷ്, ലൈഫ് ഗാർഡുമാരായ ഷിഹാബ്, ഷെഫീക്ക്, അന്തിക്കാട് പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ശരത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.