തൃശൂര്‍: വാങ്ങാന്‍ മറന്ന ഡിഗ്രി സര്‍ട്ടിഫിക്കറ്റ് 22 വര്‍ഷത്തിന് ശേഷം കൈയില്‍ കിട്ടിയ സന്തോഷത്തിലാണ് തൃശൂർ സ്വദേശി വിജയകുമാര്‍. കഴിഞ്ഞ ദിവസം തൃശൂര്‍ വിയ്യൂര്‍ പോസ്‌റ്റ് ഓഫിസില്‍ നിന്നാണ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉദ്യോഗസ്ഥനായ വിജയകുമാര്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ബോട്ടണി ഫസ്‌റ്റ് ക്ലാസ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൈപറ്റിയത്.
22 വര്‍ഷത്തിന് ശേഷം ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കൈപറ്റി തൃശൂര്‍ സ്വദേശി
1998ല്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡിഗ്രി പാസായ തൃശൂർ സ്വദേശി വിജയകുമാറാണ് 22 വര്‍ഷത്തിന് ശേഷം സര്‍ഫിക്കറ്റ് കൈപ്പറ്റിയത്.
1998 ഏപ്രിലില്‍ നെന്മാറ എന്‍.എസ്.എസ് കോളജില്‍ നിന്നും വിദ്യാഭ്യാസം കഴിഞ്ഞിറങ്ങി താമസിയാതെ മെഡിക്കല്‍ റെപ് ആയി ജോലി കിട്ടിയ വിജയകുമാര്‍ പിന്നീട് വിവിധ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളില്‍ കഴിഞ്ഞ 22 വര്‍ഷമായി ജോലി ചെയ്തു. മെഡിക്കല്‍ റെപ് ആയും ഏരിയ മാനേജരായും റീജിയണല്‍ മാനേജരായുമൊക്കെ ഇക്കഴിഞ്ഞ കാലയളവില്‍ ജോലി ചെയ്‌തെങ്കിലും അപ്പോഴൊന്നും വിജയകുമാറിന് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആവശ്യമായി വന്നില്ല. അതുകൊണ്ടു തന്നെ ജോലിത്തിരക്കിനിടെ അത് വാങ്ങാനും വിട്ടുപോയി. മൂന്നുമാസം മുമ്പ് വിജയകുമാറിന്‍റെ ഇപ്പോഴത്തെ കമ്പനിയുടെ ഡയറക്ടര്‍ ഒരു ലൈസന്‍സിന്‍റെ ആവശ്യത്തിനായി വിജയകുമാറിനോട് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടപ്പോഴാണ് ഇതുവരെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വാങ്ങിയിട്ടില്ലെന്ന കാര്യം വിജയകുമാര്‍ വെളിപ്പെടുത്തിയത്.
ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാനാണ് ആദ്യം ശ്രമിച്ചത്. എന്നാല്‍ ഇത്രയും വര്‍ഷം പഴക്കമുള്ളതിനാല്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാന്‍ പറ്റില്ലെന്നറിഞ്ഞപ്പോള്‍ യൂണിവേഴ്‌സിറ്റി സേവന കേന്ദ്രം വഴി 1998ലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിനായി തപാലില്‍ അപേക്ഷ അയച്ചു. സര്‍ട്ടിഫിക്കറ്റ് കൈയില്‍ കിട്ടാൻ ആറു മാസമെടുക്കുമെന്നാണ് ആദ്യം മറുപടി ലഭിച്ചത്. എന്നാല്‍ മൂന്നുമാസം കൊണ്ട് സര്‍ട്ടിഫിക്കറ്റ് കൈയിലെത്തി. അധിക ഫീസോ യാതൊരുവിധ സമര്‍ദ്ദമോ കൂടാതെ തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി രജിസ്‌റ്റേഡ് പോസ്റ്റായി സര്‍ട്ടിഫിക്കറ്റ് അയച്ചു തന്നപ്പോള്‍ വിജയകുമാറിനും വിശ്വസിക്കാനായില്ല. തൃശൂര്‍ വിയ്യൂര്‍ പോസ്‌റ്റ് ഓഫിസിലെത്തി ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ട് കൈപ്പറ്റുമ്പോള്‍ ആ പഴയ ഡിഗ്രിക്കാരന്റെ സന്തോഷമായിരുന്നു വിജയകുമാറിന്‍റെ മുഖത്ത്.