തിരുവനന്തപുരം :എകെജി സെന്‍ററിനുനേരെ സ്‌ഫോടക വസ്‌തുവെറിഞ്ഞ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് വി.ജിതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. വ്യാഴാഴ്‌ച രാവിലെ കസ്റ്റഡിയിലെടുത്ത ജിതിനെ വിശദമായി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്‌തിരുന്നു.
എകെജി സെന്‍റർ ആക്രമണം : ജിതിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ക്രൈംബ്രാഞ്ച് - സ്‌ഫോടക വസ്‌തു
വ്യാഴാഴ്‌ച രാവിലെ ക്രൈംബ്രാഞ്ച് ജിതിനെ കസ്റ്റഡിയിലെടുത്ത് മണിക്കൂറുകളോളം ചോദ്യം ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
എസിപി മധുസൂദനന്‍റെ നേതൃത്വത്തിലുളള സംഘമാണ് ജിതിനെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തത്. ഇതിനുശേഷമാണ് അറസ്റ്റ്. ജിതിന്‍ തന്നെയാണ് കുറ്റം ചെയ്‌തത് എന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ വാദം. സ്‌ഫോടക വസ്‌തുവെറിഞ്ഞ സമയത്ത് ജിതിന്‍ ഉപയോഗിച്ചിരുന്നത് സുഹൃത്തിന്‍റെ ഡിയോ സ്‌കൂട്ടറാണ്. ഇത് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് ക്രൈംബ്രാഞ്ച്.
ജിതിന്‍ സ്‌ഫോടക വസ്‌തുവെറിഞ്ഞ സമയത്ത് ധരിച്ച വസ്‌ത്രവും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിനായുള്ള പരിശോധന ജിതിന്‍റെ വീട്ടിലും താമസിച്ചിരുന്ന ലോഡ്‌ജിലും ക്രൈംബ്രാഞ്ച് നിരവധി തവണ നടത്തിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ജിതിനെ ഉടന്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. ഇതിനുശേഷം കോടതിയില്‍ ഹാജരാക്കും.