തിരുവനന്തപുരം: സാമൂഹിക സുരക്ഷാ അകലം ലംഘിച്ച് തിരുവനന്തപുരം പോത്തന്‍കോട് ഗവണ്‍മെന്‍റ് യു.പി.സ്‌കൂളില്‍ വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് പൊതു ചടങ്ങ് നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കി. എപ്പിഡെമിക് ആക്ട് അനുസരിച്ച് മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് എന്‍.എസ്.നുസൂര്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളെ സംഘടിപ്പിച്ച് പൊതുപരിപാടി; കടകംപള്ളിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്‍റെ പരാതി - കടകംപള്ളി വാര്‍ത്തകള്‍
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ഥികള്‍ സംഭാവന നല്‍കുന്ന ചടങ്ങാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ പോത്തന്‍കോട് ഗവണ്‍മെന്‍റ് യു.പി സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ചത്.
സാലറി ചലഞ്ച് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്‍റ് എം.സലാഹുദീൻ ഹെഡ് മാസ്റ്ററായ സ്‌കൂളിലാണ് പിടിഎയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം യോഗം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാര്‍ഥികള്‍ സംഭാവന നല്‍കുന്ന ചടങ്ങാണ് മന്ത്രിയുടെ സാന്നിധ്യത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ചത്. ശമ്പളം കുറവു ചെയ്യാനുള്ള ഉത്തരവ് കത്തിച്ച അധ്യാപകരെ ആര്‍ത്തിപ്പണ്ടാരങ്ങളെന്നും കാട്ടാനക്കൂട്ടങ്ങളെന്നും വിശേഷിപ്പിച്ച മന്ത്രിയുടെ നടപടി വിവാദമായിരുന്നു. ഇതിനെതിരെ കെ.പി.സി.സി രംഗത്തു വന്നു.
കടകംപള്ളിക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പാലോട് രവി ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് ഡി.ജി.പിക്ക് പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തു വന്നത്. മന്ത്രിയുടെ നടപടി കൊവിഡ് പ്രോട്ടോകോളിന് വിരുദ്ധമാണെന്നും അന്വേഷണം നടത്തി ഉടന്‍ കേസെടുക്കണമെന്നും പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.