തിരുവനന്തപുരം: തലസ്ഥാനത്ത് യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്. നെടുമണ്‍ സ്വദേശി വിശാഖിനാണ് ക്രൂര മര്‍ദനമേറ്റത്. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ച റിമാൻഡ് പ്രതി ഉള്‍പ്പെട്ട സംഘമാണ് ഇയാളെ മര്‍ദിച്ചത്.
യുവാവിനെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ജൂലൈ രണ്ടിനാണ് സംഭവം. വിശാഖിനെ തട്ടിക്കൊണ്ടുപോയ ശേഷം പോത്തന്‍കോടിന് സമീപം പുതുകുന്ന് എന്ന പ്രദേശത്ത് വച്ചാണ് സംഘം ആക്രമിച്ചത്. ചുറ്റിക കൊണ്ട് വിശാഖിന്‍റെ കാല്‍ അടിച്ച് ഒടിച്ചു.
ഇതിന്‍റെ ദൃശ്യങ്ങളും പ്രതികള്‍ തന്നെ ചിത്രീകരിച്ച് പുറത്തുവിട്ടു. സംഘത്തില്‍ ഒരാളുടെ ഭാര്യയുമായി വിശാഖ് സൗഹൃദത്തില്‍ ആയിരുന്നുവെന്നും ഇതിന്‍റെ പേരിലാണ് മര്‍ദിച്ചതെന്നുമാണ് വിവരം. മര്‍ദനത്തിന് ശേഷം വിശാഖിനെ ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു.
വിവരമറിഞ്ഞ് എത്തിയ ബന്ധുവാണ് വിശാഖിനെ ആശുപത്രിയില്‍ എത്തിച്ചത്. വാരിയെല്ലിന് ഉള്‍പ്പെടെ പരിക്കേറ്റ വിശാഖ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.
ഈ കേസിലെ റിമാന്‍ഡ് പ്രതി അജികുമാറാണ് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പൊലീസ് മര്‍ദനമാണ് മരണ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. എന്നാല്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ അജികുമാറിന്‍റെ ശരീരത്തില്‍ ക്ഷതമേറ്റ പാടുണ്ടായിരുന്നു എന്നും കസ്‌റ്റഡി റിപ്പോര്‍ട്ടില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പൊലീസിന്‍റെ വാദം.
Read more: റിമാൻഡ് പ്രതി മെഡിക്കൽ കോളജിൽ മരിച്ചു; പൊലീസ് മർദനമെന്ന് ബന്ധുക്കൾ