തിരുവനന്തപുരം:ലോക്ക് ഡൗണിനെ തുടർന്ന് ദുരിതത്തിലാണ് ദേവ ശില്പങ്ങൾ ഉണ്ടാക്കി വിൽക്കുന്ന അതിഥി തൊഴിലാളികൾ. ശില്പങ്ങൾ വാങ്ങാൻ ആളില്ലായതോടെ ഭക്ഷണത്തിന് പോലും വഴിയില്ലാത്ത അവസ്ഥയിലാണിവർ. സ്വന്തം നാടായ രാജസ്ഥാനിലേക്ക് മടങ്ങാൻ അവസരമൊരുക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം.
ദുരിതത്തിലായി ദേവശില്‍പങ്ങളുണ്ടാക്കുന്ന തൊഴിലാളികളുടെ ജീവിതം
ലോക്ക് ഡൗണ്‍ ആയതോടെ ശില്പങ്ങൾ വാങ്ങാൻ ആളില്ലായി. ഭക്ഷണത്തിന് പോലും വഴിയില്ലാത്ത അവസ്ഥയിലാണിപ്പോള്‍. സ്വന്തം നാടായ രാജസ്ഥാനിലേക്ക് മടങ്ങാൻ അവസരമൊരുക്കണമെന്നാണ് പ്രധാന ആവശ്യം.
കഴിഞ്ഞ വിഷുക്കാലത്ത് ഇവര്‍ കൃഷ്ണ വിഗ്രങ്ങൾ ഉണ്ടാക്കിയെങ്കിലും കച്ചവടം നടന്നില്ലെന്ന് ഹസരിമല്ലിയെന്ന തൊഴിലാളി പറഞ്ഞു. ഇതോടെ ജീവിതം വഴിമുട്ടി. കുട്ടികളും സ്ത്രീകളുമടക്കം 11 പേരാണ് ഹസരിമല്ലിനൊപ്പം ഉള്ളത്. പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ലോക് ഡൗൺ കാലത്ത് ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കിയെങ്കിലും ഇത്രയും ആളുകൾക്ക് അത് തികയുന്നില്ലെന്ന് ഇവർ പറയുന്നു. കൂടുതൽ എന്തെങ്കിലും വാങ്ങാൻ കൈയ്യിൽ പണവുമില്ല.
എത്രയും വേഗം നാട്ടിലേക്ക് മടങ്ങാൻ സൗകര്യമൊരുക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാൽ ടിക്കറ്റിന് പണമില്ല. യാത്ര പാസിന് അപേക്ഷിച്ചുവെങ്കിലും ആറ് പേർക്ക് മാത്രമാണ് പാസ് കിട്ടിയത്. ബാക്കിയുള്ളവർക്ക് ആധാർ കാർഡ് ഇല്ലാത്തതിനാൽ പാസ് ലഭിച്ചില്ല. ലോക്ക് ഡൗണിൽ ഇളവ് ലഭിച്ചതോടെ ശില്പങ്ങൾ വിൽക്കാനുള്ള ശ്രമത്തിലാണവർ ഇപ്പോൾ. എന്നാൽ ആരും ഒന്നു പോലും വാങ്ങുന്നില്ലെന്ന് അവർ പറഞ്ഞു. വിഷു മുന്നിൽ കണ്ട് 1200 ഓളം കൃഷ്ണ ശില്പങ്ങളാണ് നിർമിച്ചത്. ഒന്നും വിറ്റുപോയില്ല. ഇതോടെ ശില്പ നിർമാണം താല്‍കാലികമായി അവസാനിപ്പിച്ചു.