തിരുവനന്തപുരം:സ്വന്തം ചോരക്കുഞ്ഞിനെ വീട്ടുകാർ തട്ടിയെടുത്തതിനെതിരായ ഐതിഹാസിക സമര പോരാട്ടത്തിൻ്റെ വിജയഗാഥയാണ് പേരൂർക്കട സ്വദേശി അനുപമയെ ഈ വനിത ദിനത്തിൽ ശ്രദ്ധേയമാക്കുന്നത്.
നിയമവിരുദ്ധമായി ശിശുക്ഷേമ സമിതി ദത്തു നൽകിയ മകനെ ആന്ധ്ര സ്വദേശികളായ മാതാപിതാക്കളിൽ നിന്ന് വീണ്ടെടുത്ത് ഹൃദയത്തോട് ചേർത്തു പിടിക്കുന്നതിൻ്റെ സംതൃപ്തിക്കിടയിലും പോരാട്ടത്തിൻ്റെ കനൽവഴികൾ വേദനയോടെ ഓർക്കുകയാണ് അനുപമ.
വിശ്വസിച്ച പ്രസ്ഥാനം തെറ്റിന് കൂട്ടുനിന്നുവെന്ന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. കടുത്ത സൈബർ ആക്രമണങ്ങളും പൊതുബോധ സദാചാര വിചാരണയും നേരിട്ടതിൻ്റെ വെളിച്ചത്തിൽ അനുപമ പറയുന്നത് കേരളം സ്ത്രീപക്ഷ നിലപാടിലെത്താൻ ഇനിയും വളരേണ്ടതുണ്ടെന്നാണ്.
എങ്ങനെ ജനിച്ച കുഞ്ഞാണെന്നാണ് അവർ ചർച്ച ചെയ്തത്
എത്ര പുരോഗമനം പറഞ്ഞാലും ഉള്ളിൽ സദാചാരം കൊണ്ട് നടക്കുന്നവരാണ് ഇവിടെയുള്ളതെന്നാണ് തൻ്റെ അനുഭവം ബോധ്യപ്പെടുത്തുന്നത്. അമ്മയും കുഞ്ഞും എന്നതിനപ്പുറം എങ്ങനെ ജനിച്ച കുഞ്ഞാണെന്നാണ് അവർ ചർച്ച ചെയ്തത്. എസ്എഫ്ഐയിൽ പ്രവർത്തിക്കുമ്പോൾ വിചാരിച്ചത് പാർട്ടി സ്ത്രീകൾക്ക് വേണ്ടി നിൽക്കുന്നുവെന്നാണ്. ആ ബോധം തെറ്റായിരുന്നു. അനുപമ ഇടിവി ഭാരതിനോട് പറഞ്ഞു.
പാര്‍ട്ടി പിന്തുണച്ചില്ല
സർക്കാരിനും സിപിഎമ്മിനുമെതിരെയാണ് കുഞ്ഞിനു വേണ്ടി പോരാടിയത്. കുഞ്ഞിനെ തിരിച്ചുകിട്ടുക എന്നൊരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതൊരു വലിയ യുദ്ധമായിരുന്നുവെന്ന് ഇപ്പോൾ പലരും പറയുമ്പോഴാണ് മനസിലാക്കുന്നത്. തെറ്റായ ഒരു കാര്യത്തിന് പാർട്ടി കൂട്ടുനിൽക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. കുറച്ചുപേരെങ്കിലും പിന്തുണയ്ക്കുമെന്ന് കരുതിയാണ് ആദ്യം പാർട്ടിയുടെ സഹായം തേടിയത്. അതുണ്ടായില്ല.
സൈബർ സംഘങ്ങൾക്ക് ക്യാപ്‌സൂളുകൾ കൊടുത്ത് ചിന്താശേഷിയില്ലാത്ത തലമുറയെ സൃഷ്ടിക്കുകയാണ്. അജിത്ത് മുമ്പ് അക്കൂട്ടത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. സൈബർ ആക്രമണം നേരിട്ടപ്പോൾ നമ്മൾ എറിഞ്ഞത് നമുക്കും തിരിച്ചു കിട്ടുന്നുവെന്നാണ് അജിത്ത് സങ്കടത്തോടെ പറഞ്ഞത്.